സര്‍ക്കാര്‍ കേസ് തോറ്റ് കൊടുത്തു: ചെന്നിത്തല

എരുമേലി (കോട്ടയം)/തിരുവനന്തപുരം:  റിസര്‍വ് വനമായിരുന്ന പൊന്തന്‍പുഴയിലെ 7,000 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തികളുടേതായത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം കേസ് തോറ്റുകൊടുത്തതു മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വനംമന്ത്രി കെ രാജുവിന്റെ കൈകള്‍ ശുദ്ധമല്ല.
വനംവകുപ്പും വനംമന്ത്രിയും കേസ് തോല്‍ക്കാന്‍ കൂട്ടുനിന്നു. പൊന്തന്‍പുഴ വനം സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കാനാവശ്യമായ സുപ്രധാന രേഖകള്‍ വേണ്ടുവോളമുണ്ടായിട്ടും കോടതിയില്‍ ഇവയൊന്നും അവതരിപ്പിച്ചില്ല. നീതിരഹിതമായ കച്ചവടമാണ് വനംമന്ത്രിയും വനംവകുപ്പും സര്‍ക്കാര്‍ അഭിഭാഷകനും നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പൊന്തന്‍പുഴ വനഭൂമിയും ജനവാസകേന്ദ്രങ്ങളും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി നടപ്പാക്കിയാല്‍ 1200ല്‍പ—രം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. വര്‍ഷംതോറും വനസംരക്ഷണത്തിന് കോടികള്‍ ചെലവിട്ട വനമാണ് സ്വകാര്യവ്യക്തികളുടേതാവുന്നത്.
ഇതൊരിക്കലും അനുവദിക്കരുത്. ജനകീയ സര്‍ക്കാരാണെന്ന് അവകാശപ്പെടാന്‍ ഒരര്‍ഹതയും എല്‍ഡിഎഫിനില്ല. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് എഴുമറ്റൂര്‍ രാജവംശത്തിന് കൈമാറിയതാണ് പൊന്തന്‍പുഴ വനം. നിരവധി ചരിത്രരേഖകള്‍ ഇതിന് തെളിവുകളായുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിശബ്ദനായത്. ഇതിന് പിന്നില്‍ നടന്നത് വന്‍കച്ചവടമാണ്. ഇക്കാര്യത്തില്‍ സാമ്പത്തിക അഴിമതി നടന്നോയെന്ന് പരിശോധിച്ചുവരുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളെ കുടിയൊഴിപ്പിക്കാനും വനം കൈമാറാനും അനുവദിക്കില്ല. വനഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിലനിര്‍ത്താനും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും അടിയന്തരമായി പട്ടയം നല്‍കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം വളകോടി ചതുപ്പ് പ്രദേശത്ത് താമസിക്കുന്നവരില്‍നിന്ന് പരാതികള്‍ സ്വീകരിച്ചു. പൊന്തന്‍പുഴ വലിയകാവ് വനമേഖലയുടെ അവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
ഈ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹൈക്കോടതി വിധിയോടെ നഷ്ടപ്പെട്ടതായാണ് അറിയുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ യഥാസമയം ഹാജരാവാനോ സര്‍ക്കാരിന് അനുകൂലമായി നേരത്തേയുള്ള വിധികള്‍ ഹാജരാക്കി വാദിക്കാനോ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. സര്‍ക്കാരിനുള്ള അവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെന്ന് മാത്രമല്ല എതിര്‍കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത ചോദ്യം ചെയ്യുന്നതിലും വീഴ്ച ഉണ്ടായതായി. സര്‍ക്കാര്‍ അഭിഭാഷകര്‍ മനപ്പൂര്‍വമായി കേസില്‍ തോറ്റു കൊടുക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it