palakkad local

സര്‍ക്കാര്‍ കനിഞ്ഞു ; സര്‍ക്കാര്‍ ആശുപത്രി നഴ്‌സുമാരുടെ ജോലിഭാരം കുറഞ്ഞു



പാലക്കാട്: മെഡിക്കല്‍ കോളജ് ജില്ലാ താലൂക്ക് ആശുപത്രികളിലെയും രാത്രി ഡ്യൂട്ടിയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും നഴ്‌സിങ് അസിസ്റ്റന്റു മാരുടെ ജോലിഭാരം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതുവരെ ആഴ്ചയില്‍ ആറുദിവസം തുടര്‍ച്ചയായി രാത്രിഡ്യൂട്ടി ചെയ്താല്‍ മാത്രമാണ് ഒരുദിവസം ഓഫ് ലഭിക്കുക. ഇതു മാറ്റി ആഴ്ചയില്‍ മൂന്നുദിവസം രാത്രി ഡ്യൂട്ടിയാക്കി കുറക്കുകയും അതുകഴിഞ്ഞാല്‍ ഒരു ഓഫ് അനുവദിക്കുകയും ചെയ്തു. ആശുപത്രി അറ്റന്‍ഡര്‍മാര്‍, ഗ്രേഡ് വണ്‍, ഗ്രേഡ് ടു ജീവനക്കാരുടേയും രാത്രി ജോലി ആഴ്ചയില്‍ മൂന്നു ദിവസമായി കുറച്ചു. രാത്രി ഡ്യൂട്ടി തുടര്‍ച്ചയായി 12 മണിക്കൂര്‍ ചെയ്യണം. രാത്രി 7.30മുതല്‍ രാവിലെ 7.30വരെയാണ് ജോലിസമയം. തുടര്‍ച്ചയായി ആറുദിവസം രാത്രിഡ്യൂട്ടി ചെയ്യുന്നതിനാല്‍ ജീവനക്കാരുടെ ആരോഗ്യനിലയെ ദോഷമായി ബാധിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍പോലും സമയം ലഭിക്കില്ല. രാത്രി ജോലി ചെയ്തശേഷം തിരികെ വീടുകളിലെത്താന്‍ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് മണിക്കൂറുകള്‍ വേണ്ടിവരും. ഇതിനാല്‍ വീടുകളിലെത്തി ഉടന്‍ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ട അവസ്ഥയും വരുന്നു. ആശുപത്രി അറ്റന്‍ഡര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെയും അവസ്ഥ ഇതാണ്. മൂന്നുദിവസം തുടര്‍ച്ചയായി രാത്രി ജോലി ചെയ്താല്‍ അടുത്തദിവസം പകല്‍, അല്ലെങ്കില്‍ രാത്രി ഓഫ് അനുവദിക്കും. മുമ്പ് ആറ്ദിവസം കഴിഞ്ഞാല്‍ മാത്രമാണ് പൂര്‍ണദിവസം ഓഫ് ലഭിക്കൂ. ഈ സഹചര്യത്തിന് മാറ്റം വന്നതിനാല്‍ ജീവനക്കാര്‍ ആഹ്ലാദത്തിലാണ്. ഇതിനുപുറമെ ഗവ. ആശുപത്രികളിലെ മുഴുവന്‍ വനിതാജീവനക്കാര്‍ക്കും ഓവര്‍കോട്ട് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it