സര്‍ക്കാര്‍ ഐടിഐകളുടെ എന്‍സിവിടി അംഗീകാരം നഷ്ടമായി

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളുടെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് (എന്‍സിവിടി) അംഗീകാരം നഷ്ടമായി. അഞ്ചുവര്‍ഷം മുമ്പ് എന്‍സിവിടി അംഗീകാരം നേടിയ സര്‍ക്കാര്‍, സ്വകാര്യ ഐടിഐ പരിശീലനസ്ഥാപനങ്ങള്‍ 2015 ആഗസ്തിനു മുമ്പ് അംഗീകാരം പുതുക്കണമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിങ്(ഡിജിടി) നിര്‍ദേശം. എന്നാല്‍, ഇക്കാലയളവില്‍ അംഗീകാരം പുതുക്കാന്‍ സര്‍ക്കാര്‍മേഖലയിലെ ഒരു ഐടിഐയ്ക്കും കഴിഞ്ഞിട്ടില്ല. ഇതോടെ 2015ല്‍ ഐടിഐകള്‍ വിദ്യാര്‍ഥി പ്രവേശനം നടത്തിയത് എന്‍സിവിടി അംഗീകാരമില്ലാതെയാണ്. അംഗീകാരമില്ലാത്തത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കില്ലെന്ന് വ്യാവസായിക പരിശീലന വകുപ്പ് അറിയിച്ചു.
2015-16 പരിശീലനവര്‍ഷംകൂടി അംഗീകാരം പുതുക്കാതെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് പ്രവേശനം നടത്താന്‍ ഡിജിടിയുടെ അനുവാദം ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി ഐടിഐകളുടെ എന്‍സിവിടി അംഗീകാരം അഞ്ചുവര്‍ഷത്തേക്ക് നിജപ്പെടുത്തിയിരിക്കുകയാണ്. ഡിജിടി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അംഗീകാരം പുതുക്കുന്നത്. സര്‍ക്കാര്‍മേഖലയിലെ ഐടിഐകള്‍ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് അംഗീകാരം നഷ്ടമാവുകയായിരുന്നു.
ഐടിഐകളിലെ ട്രേഡുകള്‍ക്ക്/യൂനിറ്റുകള്‍ക്ക് ഡിജിടിയുടെ പുതുക്കിയ സിലബസ് പ്രകാരം ആവശ്യമായ പഠനോപകരണങ്ങളും യന്ത്രസാമഗ്രികളും നിശ്ചിത അളവിലുള്ള വര്‍ക്‌ഷോപ്പുകളുമുണ്ടാവണം. എങ്കിലേ അംഗീകാരത്തിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് പൂര്‍ത്തിയാക്കാത്തതിനാല്‍ അംഗീകാരത്തിനായി ഐടിഐകള്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ട്രെയിനിങ് ഡയറക്ടര്‍ വ്യക്തമാക്കി.
ഐടിഐയിലെ ഓരോ ട്രേഡിലെയും ഓരോ യൂനിറ്റിനാണ് എന്‍സിവിടി അംഗീകാരം നല്‍കുന്നത്. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ 40ഓളം ഐടിഐകളില്‍ ഒരു യൂനിറ്റിനുപോലും ഇതുവരെയായും എന്‍സിവിടി അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. അംഗീകാരം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവാരം ഉയര്‍ത്തുന്നതിനുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പട്ടികജാതി വികസനവകുപ്പിന് കീഴിലെ നാല് ഐടിഐകള്‍ ഉള്‍പ്പെടെ 26 ഐടിഐകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 65 കോടിയുടെ വികസനപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
Next Story

RELATED STORIES

Share it