ernakulam local

സര്‍ക്കാര്‍ ഊര്‍ജിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടും ഫലപ്രദമല്ലെന്ന് പരാതി ; മല്‍സ്യബന്ധന മേഖലയില്‍ പ്രതിഷേധം വ്യാപകം



വൈപ്പിന്‍: കടലിലെ ദുരന്ത നിവാരണത്തിനായി മണ്‍സൂണ്‍കാലത്ത്  സര്‍ക്കാര്‍ ഊര്‍ജിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടും നിലവില്‍ ഇവയൊന്നും ഫലപ്രദമാകാത്ത സാഹചര്യമാണുള്ളതെന്ന് ഓള്‍ കേരള ഫിഷ്മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. കപ്പല്‍ ബോട്ടില്‍  ഇടിച്ച് അപകടം ഉണ്ടായ സമയത്ത്  സഹായം അഭ്യര്‍ഥിച്ചപ്പോള്‍ ഒരിടത്തുനിന്നും അടിയന്തിര സഹായം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മറ്റു ബോട്ടുകളിലെ മല്‍സ്യതൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും മരണമടഞ്ഞവരുടെ മൃതദേഹം കരയിലെത്തിച്ചതുമത്രേ. ഈ സാഹചര്യത്തില്‍ വ്യാപകമായ പ്രതിഷേധം മല്‍സ്യബന്ധന മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്തകാലത്ത് കടലില്‍ ഉണ്ടായിട്ടുള്ള മിക്ക അപകടങ്ങളിലും അവസ്ഥ ഇതു തന്നെയായിരുന്നു. ഞായറാഴ്ചയിലെ  അപകടത്തെ തുടര്‍ന്ന് 100ല്‍ പരം ബോട്ടുകള്‍  മല്‍സ്യബന്ധനം അവസാനിപ്പിച്ച് കരക്കടുത്തിരുന്നു. പ്രതിഷേധ സൂചകമായി അഴിമുഖം ഉപരോധിക്കാനായിരുന്നു ഇവരുടെ പരിപാടിയെങ്കിലും അവസാനം പ്രതിഷേധം ഉപേക്ഷിക്കുകയായിരുന്നു. കടലില്‍ ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും നേവി, കോസ്റ്റുഗാര്‍ഡ് , കോസ്റ്റല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നീ വിഭാഗങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇവയെ ഏകോപിപ്പിച്ച് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണ്. ഉത്തരവാദിത്ത്വപ്പെട്ടവര്‍  ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  സി യു അനസ്, സെക്രട്ടറി എ ആര്‍ ബിജുകുമാര്‍, വൈസ് പ്രസിഡന്റ് മുല്ലക്കര സലീം, സംസ്ഥാന സമിതിയംഗം കെ പി രതീഷ് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it