kasaragod local

സര്‍ക്കാര്‍ ഉത്തരവ് പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക

ബദിയടുക്ക: സര്‍ക്കാര്‍ സഹായം ലഭിച്ച് പണി പൂര്‍ത്തിയാവാത്ത വീടുകള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്ക. ഇത്തരം വീടുകളുടെ പണി അടുത്ത മാര്‍ച്ചില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്‍മകജെ പഞ്ചായത്തില്‍ 48, ബദിയടുക്കയില്‍ 16, കുമ്പടാജെയില്‍ ആറും വീടുകളാണുള്ളത്. ഇതിന്റെ പ്രവൃത്തികളാണ് മാര്‍ച്ച് 18ന് മുമ്പായി ചെയ്തു തീര്‍ക്കേണ്ടത്. തനത് ഫണ്ട് കുറഞ്ഞ പഞ്ചായത്തുകളാണ് എന്‍മകജെയും കുമ്പഡാജെയും. സര്‍ക്കാര്‍ സഹായം വാങ്ങി പാതി വഴിയിലായ ഇത്തരം വീടുകള്‍ ജപ്തി ചെയ്യുകയും 18 ശതമാനം പലിശ ഈടാക്കുകയും വേണമെന്നായിരുന്നു നേരത്തെ നിര്‍ദേശം. എന്നാല്‍ സ്ഥലവും കെട്ടിടവും ഗുണഭോക്താവിന് നഷ്ടപ്പെടുന്ന അവസ്ഥ വരുമെന്നതിനാലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഐഎവൈ/പിഎംഎവൈ പദ്ധതി പ്രകാരം ധനസഹായം നല്‍കിയ വീടുകളാണ് പൂര്‍ത്തിയാക്കാനുള്ളത്.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് മൂന്നു ലക്ഷം രൂപയും പൊതുവിഭാഗത്തിന് രണ്ടു ലക്ഷം രൂപയുമാണ് വീട് നിര്‍മിക്കാന്‍ ധനസഹായം നല്‍കിയത്. തറ, ചുമര്, മേല്‍ക്കുര എന്നിവ നിര്‍മിക്കുന്നതിനനുസരിച്ച് മൂന്ന് ഗഡുക്കളായാണ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ പരിശോധനയ്ക്ക് ശേഷം പണം നല്‍കുന്നത്. ഒന്നാം ഘട്ട പ്രവൃത്തി തീര്‍ന്നതും രണ്ടാം ഘട്ടം പ്രവൃത്തി ആരംഭിച്ച് പാതിവഴിയിലായതും മൂന്നാം ഘട്ടം ആരംഭിക്കാത്തതുമായ വീടുകളുടെ പ്രവൃത്തിയാണ് പൂര്‍ത്തിയാക്കാനുള്ളത്. ചില വീടുകളുടെ പണി  ചെങ്കല്ല്, മണല്‍ എന്നിവയുടെ ലഭ്യത കുറവ് കാരണം പാതിവഴിയിലാണ്. മറ്റുചിലര്‍ ധനസഹായം വാങ്ങി പ്രവൃത്തി തുടങ്ങാതെ ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്തെ ഭവനരഹിതര്‍ക്കും വീട് പണി പൂര്‍ത്തിയാകാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) യില്‍ അപേക്ഷിച്ച് ഗുണഭോക്താക്കള്‍ കാത്തിരിക്കുമ്പോഴാണ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത വീടുകള്‍ക്ക് ധനസഹായം നല്‍കിയ പഞ്ചായത്തുകള്‍ തന്നെ വീണ്ടും സഹായം ചെയ്യണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it