kasaragod local

സര്‍ക്കാര്‍ ആശുപത്രി ഫാര്‍മസികളില്‍ ശീതീകരണ സൗകര്യമില്ല; മരുന്നുകള്‍ നശിക്കുന്നു

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ ശീതീകരണ സൗകര്യമില്ലാത്തതിനാല്‍ മരുന്നുകള്‍ നശിക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ജില്ലയിലെ സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍ എന്നിവിടങ്ങളിലാണ് ശീതീകരണ സംവിധാനമില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് വിലവരുന്ന മരുന്നുകള്‍ നശിക്കുന്നത്. കുട്ടികള്‍ക്കുള്ള ആന്റിബയോട്ടിക്ക്, ശ്വാസതടസം, ചുമ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്നിവയാണ് നശിക്കുന്നത്. 30 ഡിഗ്രി സെല്‍ഷ്യസിനുള്ളിലാണെങ്കില്‍ ഇത്തരം മരുന്നുകള്‍ ശീതീകരണ സൗകര്യങ്ങളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.
എന്നാല്‍ ചൂട് കൂടിയതും ജില്ലയില്‍ ഇപ്പോള്‍ ചൂട് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായതും ഇത്തരം മരുന്നുകള്‍ വേഗത്തില്‍ നശിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഇത്തരം മരുന്നുകള്‍ സൂക്ഷിക്കാന്‍ ശിതീകരണ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
മറ്റു ജില്ലകളില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയെങ്കിലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സൗകര്യം ഒരുക്കാതെ അവഗണിക്കുകയാണ്. ഇത് കാരണം ദിവസേന നൂറു കണക്കിന് മരുന്നുകളാണ് നശിക്കുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ദിവസേന നൂറുക്കണക്കിന് രോഗികളാണ് ചികില്‍സയക്ക് എത്തുന്നത് ഇവര്‍ക്ക് മരുന്നും സൗജന്യമായാണ് നല്‍കുന്നത്.
ശീതീകരണ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മരുന്നുകള്‍ നശിക്കുന്നത് കാരണം മരുന്നുകള്‍ക്ക് ക്ഷാമം നേരിടും. ഇത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഗുണകരമാവുകയും നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it