Flash News

സര്‍ക്കാര്‍ ആശുപത്രിയിലെ എസി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു; കാണ്‍പൂരില്‍ അഞ്ച് വൃദ്ധര്‍ മരിച്ചു

കാണ്‍പൂര്‍ (യുപി): എയര്‍കണ്ടീഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ അഞ്ച് വയോധികരായ രോഗികള്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തി(ഐസിയു)ല്‍ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനകമാണ് ലാലാ ലജ്പത് റായ് ആശുപത്രിയില്‍ മരണം സംഭവിച്ചത്. എന്നാല്‍, എസി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനാലാണ് മരണം സംഭവിച്ചത് എന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം ഓക്‌സിജന്‍ കിട്ടാതെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചതിനെ അനുസ്മരിപ്പിക്കുന്നതാണ് വയോധികരുടെ മരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഐസിയുവിലെ എസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും അതാണ് മരണത്തിനു കാരണമെന്നും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍
പറഞ്ഞു. എന്നാല്‍, ഗുരുതരമായ രോഗം മൂലമാണ് വയോധികര്‍ മരിച്ചതെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നവനീത് കുമാര്‍ പറഞ്ഞു. ഈ മെഡിക്കല്‍ കോളജിനു കീഴിലാണ് ലാലാ ലജ്പത് റായ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. എസി പ്ലാന്റിനു തകരാറുണ്ടായിരുന്നു. അത് ശരിയാക്കിയെങ്കിലും വീണ്ടും തകരാറായെന്ന് കുമാര്‍ പറഞ്ഞു. എന്നാല്‍, രോഗികള്‍ മരിച്ചത് പ്ലാന്റ് പ്രവര്‍ത്തിക്കാത്തതുകൊണ്ടല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എസി പ്ലാന്റിലെ തകരാര്‍ വേഗം തീര്‍ക്കാന്‍ സാങ്കേതിക വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ദ്രപാല്‍ (75), ഗംഗാപ്രസാദ് യാദവ് (75), റസൂല്‍ ബക്ഷ് (62), മുരളി ലാല്‍ (65), പേരറിയാത്ത ഒരാള്‍ എന്നിവരാണ് മരിച്ചത്.
തകരാറുണ്ടായതിനാല്‍ രണ്ടു ദിവസം മെഡിസില്‍ വകുപ്പ് ഐസിയുവിലെ എസി പ്ലാന്റ് അടച്ചിട്ടുവെന്നാണ് ഐസിയുവിന്റെ ചുമതലയുള്ള സൗരവ് അഗര്‍വാള്‍ പറഞ്ഞത്. എസി തകരാര്‍ മൂലം ഐസിയുവില്‍ ചൂടായിരുന്നുവെങ്കിലും വെന്റിലേറ്ററുകള്‍, മോണിറ്ററുകള്‍ തുടങ്ങിയ ജീവന്‍രക്ഷാ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ അതു ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it