thrissur local

സര്‍ക്കാര്‍ ആര്‍എസ്എസ് ചമയുന്നു; എം എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം

ചാവക്കാട്: പിണറായി സര്‍ക്കാര്‍ ആര്‍എസ്എസ് ചമയുകയാണെന്നും ഭരണകൂട ഭീകരതയ്‌ക്കെതിരേ പൊതുസമൂഹം ഇറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും മുസ്്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കൗണ്‍സില്‍ യോഗത്തിന്റെ ആഹ്വാനം. മുസ്്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.
പി എ ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ച്ച് 10ന് ലീഗ് സ്ഥാപകദിനത്തില്‍ തൃശൂരില്‍ നടക്കുന്ന ഉണര്‍ത്തുദിനം പരിപാടിയും 25ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.  ടി മൂസക്കുട്ടി, വി കെ ഷാഹു, എ കെ അബ്ദുല്‍ കരീം, വി കെ യൂസഫ്, മന്ദലംകുന്ന് മുഹമ്മദുണ്ണി സംസാരിച്ചു.
വാടാനപ്പള്ളി: ഇസ്്‌ലാമിക മത പ്രബോധകന്‍ എം എം അക്ബറിനെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാടാനപ്പള്ളി സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് സെക്രട്ടറി ഷെരീഫ് അഹ്മദ്, യൂനിറ്റ് ഭാരവാഹികളായ ഷെജീര്‍,മിറാദ്,മുഫസ്സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാളഃ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിയെ കേരള പ്രദേശ് കോണ്‍ഗ്രസ് മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചുംഅപലനീയമാണ്. ന്യൂനപക്ഷ പ്രേമം നടിക്കുകയും പ്രവൃര്‍ത്തിയില്‍ ന്യൂനപക്ഷ സമുദായ നേതാക്കളെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മെന്നും പുലര്‍ത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രീണനത്തിനുവേണ്ടിയാണ് സിപിഎം സംസ്ഥാന സര്‍ക്കാര്‍ അക്ബറിനെ അറസ്റ്റ് ചെയ്തത്.
അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവമുള്‍പ്പെടെ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും പാഠപുസ്തകത്തില്‍ തെറ്റായി കണ്ടെങ്കില്‍ അത് നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് വേണ്ടിയിരുന്നത്. ഇതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ ഭരണാധികാരികളും നിയമ പാലകരും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി, സംസ്ഥാന ചെയര്‍മാന്‍ കെ കെ കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ചെയര്‍മാന്‍ നൗഷാദ് ആറ്റുപറമ്പില്‍, ഫാറൂഖ് കേച്ചേരി, കെ എം ബാവ മാള, സുബി ലാല്‍ തോമസ്, ജെഫ് ഇവാന്‍, റോയ് തോമസ്, ജോസ് ആന്റണി തട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it