thiruvananthapuram local

സര്‍ക്കാര്‍ അവഗണന തുടരുന്നു; ലൈഫ് ഗാര്‍ഡുകള്‍ സമരത്തിലേക്ക്

വര്‍ക്കല: സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ലൈഫ് ഗാര്‍ഡുകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ജോലി സ്ഥിരത, ഇന്‍ഷ്വറന്‍സ് പരിരക്ഷ, മെഡിക്കല്‍ അലവന്‍സ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ഏഴുമുതല്‍ ലൈഫ് ഗാര്‍ഡുകള്‍ പണിമുടക്കുന്നത്. 1986ലാണ് ടൂറിസം വകുപ്പിന്റെ കീഴില്‍ ലൈഫ് ഗാര്‍ഡുകളെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി തീരത്ത് വിന്യസിച്ചത്.
പാപനാശം മുതല്‍ തിരുവമ്പാടിവരെയുള്ള തീരത്ത് മതിയായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കാനായില്ല. രണ്ട് സൂപ്പര്‍ വൈസര്‍ ഉള്‍പ്പടെ നിലവില്‍ 15 പേര്‍ മാത്രമാണുള്ളത്. 2010ല്‍ 20 ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. അവശേഷിക്കുന്ന അഞ്ചുപേര്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് പോയെങ്കിലും പകരം നിയമനം ഉണ്ടായില്ല. കരാറടിസ്ഥാനത്തില്‍ തുടരുന്ന ഇവര്‍ക്ക് കൃത്യമായ സേവന വേതന വ്യവസ്ഥകളോ മറ്റു ആനുകൂല്യങ്ങളോ ഇല്ല.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതരമായ വീഴ്ചയാണുള്ളത്. വാട്ടര്‍ സ്‌കൂട്ടര്‍, സ്പീഡ് ബോട്ട്, ബൈനാകുലര്‍, വാക്കിടോക്കി തുടങ്ങി അനിവാര്യമായ ജീവന്‍ സുരക്ഷ സന്നാഹങ്ങള്‍ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. യൂനിഫോമിനുള്ള തുണി പോലും യഥാസമയം നല്‍കാന്‍ ടൂറിസം വകുപ്പിന് ആകുന്നില്ലെന്ന പരാതിയുണ്ട്. 12 ടൂറിസം പോലിസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തീരത്ത് കേവലം രണ്ടുപേര്‍ മാത്രമാണ് നിലവിലുള്ളത്. കടലില്‍ അപകട ചുഴിയില്‍ അകപ്പെടുന്നവര്‍ക്ക് തുണയാകുമ്പോഴും തങ്ങള്‍ക്കിനിയും കരപറ്റാനായിട്ടില്ലെന്ന് ലൈഫ് ഗാര്‍ഡുകള്‍ പരിതപിക്കുന്നു.
Next Story

RELATED STORIES

Share it