thiruvananthapuram local

സര്‍ക്കാര്‍ അനാസ്ഥ: ഏക പൊതുമേഖലാ മുച്ചക്രവാഹന നിര്‍മാണ കമ്പനി അടച്ചുപൂട്ടലിന്റെ വക്കില്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥ മൂലം പൊതുമേഖലയിലുള്ള ഏക മുച്ചക്രവാഹന നിര്‍മാണ കമ്പനിയായ ആറാലുംമൂട്ടിലെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) അടച്ചുപൂട്ടലിന്റെ വക്കില്‍. മുന്നൂറോളം വാഹനങ്ങള്‍ ഉല്‍പ്പാദിച്ചിരുന്നിടത്ത് പ്രതിമാസം ഇപ്പോള്‍ 60ല്‍ താഴെ മാത്രമാണ് നിര്‍മിക്കുന്നത്.
മുമ്പ് അതത് മാസംതന്നെ വാഹനങ്ങള്‍ വിറ്റഴിക്കാനും കഴിഞ്ഞിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു പ്രധാന വിപണനകേന്ദ്രം. എന്നാല്‍ കഴിഞ്ഞ മൂന്നാലുവര്‍ഷമായി ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. മാത്രമല്ല, ജീവനക്കാരുടെ കാര്യവും കഷ്ടത്തിലായി.
കൃത്യമായി ലഭിച്ചിരുന്ന ശമ്പളം ഒരുമാസംവരെ വൈകി. ജീവനക്കാരില്‍നിന്ന് പിടിച്ചെടുത്ത പിഎഫ് തുകയില്‍ ഇനി അടയ്ക്കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്.
തൊഴിലാളികളില്‍നിന്ന് പിടിച്ചെടുത്ത പിഎഫ് തുക യഥാസമയം സര്‍ക്കാരില്‍ അടയ്ക്കാത്തത് ജപ്തിയുടെ വക്കോളമെത്തിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെടലിനെ തുടര്‍ന്ന് തവണകളായി അടയ്ക്കാന്‍ കിട്ടിയ അവസരവും പാഴാക്കി ഒന്നരക്കോടിയോളം കുടിശ്ശികയാക്കുകയായിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച 19 ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം ഇനിയും നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കെടുകാര്യസ്ഥത ഏറിയിട്ടും എംഡിയുടെയും ചെയര്‍മാന്റെയും ധൂര്‍ത്തിന് ഒരു കുറവുമില്ല. വ്യവസായം വികസിപ്പിക്കാന്‍ സര്‍ക്കാരില്‍നനിന്ന് കൈപ്പറ്റിയ 22.5 കോടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിനിയോഗിക്കാതെ ധൂര്‍ത്തടിച്ചു.
കാര്‍ വാങ്ങാനും വിമാനയാത്ര നടത്താനും ഓഫിസ് മുറി മോടിപിടിപ്പിച്ചും തുക പൊടിച്ചു. ഇതിനുപുറമേ വികലാംഗ കോര്‍പറേഷനില്‍നിന്ന് 12 കോടിയും എസ്‌സി- എസ്ടി കോര്‍പറേഷനില്‍നിന്ന് രണ്ടുകോടിയും കൈപ്പറ്റിയിരുന്നു. എന്നാല്‍, ഇതിന്റെ പ്രയോജനവും സ്ഥാപനത്തിനുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it