kozhikode local

സര്‍ക്കാര്‍പറമ്പില്‍ ജനകീയ പ്രതിഷേധം; ഒമ്പത് പേര്‍ അറസ്റ്റില്‍

മുക്കം: മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനവാസ മേഖലയില്‍  വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ ഇരകളും സമരസമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയത് കാരശ്ശേരി സര്‍ക്കാര്‍ പറമ്പില്‍ സംഘര്‍ഷം തീര്‍ത്തു. ഇന്നലെ രാവിലെ 10.15 ഓടെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രതിഷേധക്കാര്‍ ഗെയിലിന്റെ അതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. കലക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കൈകൊണ്ട ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് പോലിസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ വസ്തുവകകളിലേക്ക് കടന്നുകയറുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്.
സമരക്കാരെ  കൊടുവള്ളി സിഐ ചന്ദ്രമോഹനന്‍,  മുക്കം എസ്‌ഐ കെ പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള  പോലിസ് സംഘം തടഞ്ഞു. ഇതോടെ സമരസമിതി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധയോഗം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്് എം ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പോലീസ് വലയം ഭേദിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ഗെയിലിനെതിരെ മുദ്രാവാക്യവുമായി പ്രവൃത്തി തടയാന്‍ തുനിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഗ്രാമ പഞ്ചായത്തംഗം എം ടി അഷ്‌റഫ്,എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ്, സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, ബാവ പവര്‍ വേള്‍ഡ്, നൂറുദ്ധീന്‍ കക്കാട്, അസീസ് കക്കാട്, അബ്ദുചാലില്‍, ബഷീര്‍, കരീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ജില്ലയില്‍ തന്നെ ഏറ്റവുമധികം ജനവാസ മേഖല ഉള്‍പ്പെടുന്ന പദ്ധതി പ്രേദേശങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ പറമ്പ്. ഇവിടെ നേരത്തേ നിര്‍ത്തിവെച്ചിരുന്ന പ്രവൃത്തി തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്.

കെ സി അന്‍വര്‍, ബഷീര്‍ പുതിയോട്ടില്‍, ബാവ പവര്‍ വേള്‍ഡ്, റൈഹാന ബേബി, ടി പി മുഹമ്മദ്, നൂറുദ്ധീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it