സര്‍ക്കാരും സുധീരനും നേര്‍ക്കുനേര്‍

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാരും കെപിസിസി പ്രസിഡന്റും തമ്മില്‍ പോര് മുറുകി. കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പകരം ഹൈക്കോടതിയിലുള്ള കേസിന്റെ അന്തിമവിധിക്കുശേഷം മാത്രം കരമടയ്ക്കാമെന്ന വ്യവസ്ഥയോടെ ഉത്തരവ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എന്നാല്‍, വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നെല്ലിയാമ്പതിയിലെ 833 ഏക്കര്‍ ഭൂമിക്ക് കരമടയ്ക്കാന്‍ പോബ്‌സ് ഗ്രൂപ്പിന് അനുമതി നല്‍കിക്കൊണ്ട് ഇക്കഴിഞ്ഞ ഒന്നിന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവാണു വിവാദമായത്. ഇതിനെതിരേ പ്രതിഷേധമുയരുകയും തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരന്‍ സര്‍ക്കാരിനു കത്ത് നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണു മന്ത്രിസഭ വിഷയം പരിഗണിച്ച് ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
ഉത്തരവ് ഭേദഗതി ചെയ്യുകയല്ല, പിന്‍വലിക്കുകയാണു വേണ്ടതെന്ന നിലപാടുമായി സുധീരന്‍ വീണ്ടും രംഗത്തെത്തി. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കുനിര്‍ത്തും. മന്ത്രിമാരുടെ ഭാഗത്ത് തെറ്റു കണ്ടാല്‍ ഇനിയും തിരുത്തും. സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്നും കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ സുധീരന്‍ തുറന്നടിച്ചു.
വിവാദ ഉത്തരവ് ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കുന്നതായിരിക്കും ഉചിതം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. റവന്യൂവകുപ്പില്‍നിന്നു തുടരെത്തുടരെ വിവാദ ഉത്തരവുകള്‍ ഉണ്ടാവുന്നതിനെക്കുറിച്ചും മന്ത്രിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അതീതമാണോയെന്നും പരിശോധിക്കും. കരുണ വിഷയത്തില്‍ രണ്ടുതവണ താന്‍ അടൂര്‍ പ്രകാശിന് കത്തുകൊടുത്തു. എന്നിട്ടും അതിനുശേഷം ചേര്‍ന്ന ഉന്നതതലയോഗ തീരുമാനം തന്നെ അറിയിക്കാതെ ഉത്തരവു പിന്‍വലിക്കില്ലെന്നു മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോടു വിശദീകരിക്കുന്നതില്‍ അദ്ദേഹം വീഴ്ചവരുത്തി. ഉദ്യോഗസ്ഥര്‍ എന്തു തീരുമാനമെടുത്താലും അതിനു സമാധാനം പറയേണ്ടതു രാഷ്ട്രീയ നേതൃത്വമാണെന്നും സുധീരന്‍ പറഞ്ഞു.
കരുണ എസ്റ്റേറ്റിന് കരമടയ്ക്കാനുള്ള അനുമതി നല്‍കിയത് നാല് ഉപാധികളോടെയാണെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു. ചട്ടപ്രകാരം കരമൊടുക്കാന്‍ കരുണ എസ്‌റ്റേറ്റിന് തടസ്സങ്ങള്‍ ഏറെയുണ്ട്. എങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് നിയമാനുസൃതമാണെങ്കില്‍പോലും സംശയം ദൂരീകരിക്കുന്നതിനു ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
കരം സ്വീകരിച്ചാലും തുടര്‍നടപടികള്‍ ഹൈക്കോടതി ഉത്തരവിനു വിധേയമായിരിക്കുമെന്നായിരുന്നു നേരത്തെയുള്ള നിബന്ധന. എന്നാലിപ്പോള്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വന്നശേഷം മാത്രമേ കരം സ്വീകരിക്കുകയുള്ളൂ. നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it