സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നതില്‍ നിയമവകുപ്പിന് ആശയക്കുഴപ്പം

തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് കൈയാങ്കളി കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നതില്‍ നിയമവകുപ്പിനും ആശയക്കുഴപ്പം. കൈയാങ്കളി കേസ് പിന്‍വലിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യുമോയെന്ന സര്‍ക്കാരിന്റെ സംശയത്തിന് കൃത്യമായി മറുപടി നല്‍കാന്‍ നിയമവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
പൊതുതാല്‍പര്യത്തിന് വിരുദ്ധമാകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ കേസ് പിന്‍വലിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നായിരുന്നു ആദ്യം നിയമവകുപ്പ് സര്‍ക്കാരിന് നല്‍കിയ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വി ശിവന്‍കുട്ടിയാണ് കഴിഞ്ഞ ഡിസംബറില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമവകുപ്പിനോട് ഉപദേശം തേടി. എന്നാല്‍ കേസ് പിന്‍വലിക്കണമോ വേണ്ടയോ എന്ന് വ്യക്തമായ മറുപടി നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി നല്‍കിയില്ല. പകരം ഭരണവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിന് വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തത്.
പൊതുതാല്‍പര്യം കണക്കിലെടുത്ത് കേസ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി  നിയമസഭയെ അറിയിക്കുകയും ചെയ്തു. എന്നാലിത് പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സമ്മര്‍ദത്തിലായ സര്‍ക്കാര്‍ പിന്നീട് കോടതിയിലും കേസ് പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് അറിയിച്ചു. വിഷയത്തില്‍ നിയമവകുപ്പിന്റെ ഭാഗത്തുണ്ടായ അലംഭാവമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്.
നിയമസഭയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു.
സ്പീക്കറുടെ പോഡിയവും കസേരയും മൈക്കും കംപ്യൂട്ടറുമടക്കം തകര്‍ത്തതിലൂടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണു പ്രതികള്‍. സ്പീക്കറുടെ വേദി തകര്‍ത്ത 15 എംഎല്‍എമാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരേ നടപടിയെടുത്തിരുന്നില്ല. പൊതുമുതല്‍ നശിപ്പിച്ചതിനു പുറമേ നിരവധി വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it