kannur local

സര്‍ക്കാരിന്റേത് ഉപരിപ്ലവമായ വിദ്യാഭ്യാസ പരിഷ്‌കാരം: ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: തടത്തില്‍ വെള്ളമൊഴിക്കാതെ കുല വെട്ടുന്ന രീതിയിലുള്ള ഉപരിപ്ലവമായ വിദ്യാഭ്യാസ പരിഷ്‌കാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈസ്‌കൂള്‍ തലത്തില്‍ ഭൗതിക സൗകര്യമൊരുക്കി പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുമെന്നാണ് വാദം. എന്നാല്‍ പ്രൈമറി മേഖലയെ പാടെ അവഗണിച്ച് നടത്തുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെ പൊതുവിദ്യാഭ്യാസത്തിന് ഊര്‍ജം പകരും. ദേശീയതലത്തില്‍ മതേതര ശക്തികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടില്‍ നേട്ടം ബിജെപിക്കാണ്. സിപിഎം ഒരിടത്തും മതിയായ ശക്തിയല്ല. അതുകൊണ്ടാണ് തങ്ങള്‍ക്കില്ലാത്തത് മറ്റാര്‍ക്കും വേണ്ടെന്നു തീരുമാനിക്കുന്നത്. ബിജെപിക്കെതിരായ സിപിഎമ്മിന്റെ എതിര്‍പ്പുകളില്‍ ആത്മാര്‍ഥതയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ സി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, മമ്പറം ദിവാകരന്‍, സജീവ് മാറോളി, സോണി സെബാസ്റ്റ്യന്‍, കെ പ്രമോദ്, ജോഷി കണ്ടത്തില്‍, ടി കെ എവുജിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it