malappuram local

സര്‍ക്കാരിന്റെ സഹായവും കാത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി

പൊന്നാനി: പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും സഹായം കാത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി. തെരുവുനായകളുടെ പ്രജനനം തടയാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് ജില്ലാ ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകുകയായിരുന്നു.
ഇടയ്ക്ക് വന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് പദ്ധതി നീളാന്‍ കാരണം. പുതിയ ഭരണസമിതികള്‍ അധികാരമേറ്റടുത്തതോടെ ഇവര്‍ക്കുള്ള പ്രധാന വെല്ലുവിളി ഈ പദ്ധതി നടപ്പാക്കലായിരിക്കും.
പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. ശസ്ത്രക്രിയക്ക് കരാര്‍ ഡോക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍, ഇത്തരത്തില്‍ നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള വേതനത്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇതുമൂലം പദ്ധതി നീണ്ടു പോവുമോ എന്ന ആശങ്ക മൃഗസംരക്ഷണ വകുപ്പിനുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കാരണവശാലും തുക ചെലവഴിക്കരുതെന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ഡോക്ടര്‍മാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുന്നതും കാത്തിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പ്.
നടപ്പു സാമ്പത്തിക വര്‍ഷം അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്കായി 1.33 കോടി രൂപയുടെ പദ്ധതിയാണ് മൃഗസംരക്ഷണ വകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിലേക്കായി ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തുകളും നഗരസഭകളും നിശ്ചിത തുക നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിച്ചിട്ടില്ല. ഘട്ടംഘട്ടമായി തുക നല്‍കാനായിരുന്നു നിര്‍ദ്ദേശം. പുതിയ ഭരണസമിതിക്ക് അധികാരമേറ്റെടുത്ത ഉടന്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയെടുത്താല്‍ തെരുവുനായകളുടെ പ്രജനന നിയന്ത്രണ പദ്ധതി വിജയം കാണും.
ചില തദ്ദേശ സ്ഥാപനങ്ങള്‍ തെരുവുനായകളെ കൊന്ന് കളയുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പൊന്നാനി നഗരസഭ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5000 ത്തിലധികം തെരുവുനായകളെയാണ് കൊന്നത്. തെരുവ് നായകളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുതല്‍ ജില്ലയിലാണ്.
Next Story

RELATED STORIES

Share it