സര്‍ക്കാരിന്റെ വിവാദ ഉത്തരവ്: സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷവും യുഡിഎഫ് സര്‍ക്കാരിറക്കിയ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയക്കും. തിരഞ്ഞെടുപ്പിലെ ജയസാധ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടും.
കായല്‍ നികത്തല്‍, നിലം നികത്തല്‍, ഭൂമി അനുവദിക്കല്‍, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരെടുത്ത നിലപാടുകളെ സുധീരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഉത്തരവുകളില്‍ ഭേദഗതിയല്ല വേണ്ടതെന്നും പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച സുധീരനെതിരേ എ, ഐ ഗ്രൂപ്പുകളും മന്ത്രിമാരും രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധീരനെതിരേ ഹൈക്കമാന്‍ഡിനും പരാതിയെത്തി. ഇതേത്തുടര്‍ന്നു പരസ്യ പ്രതികരണങ്ങളില്‍ നിന്നു സുധീരന്‍ പിന്മാറണമെന്ന നിര്‍ദേശം ദേശീയ നേതാക്കള്‍ ഫോണിലൂടെ അറിയിച്ചു.
വിവാദങ്ങള്‍ സൃഷ്ടിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്ന പ്രതികരണങ്ങളും ദേശീയ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായി. ഇതേത്തുടര്‍ന്നാണ് വിഷയങ്ങളുടെ കാര്യകാരണങ്ങള്‍ വ്യക്തിമാക്കി ദേശീയ നേതൃത്വത്തിനു വിശദീകരണം നല്‍കാന്‍ സുധീരന്‍ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം മന്ത്രിസഭ സ്വീകരിച്ച തീരുമാനങ്ങളും ഇറക്കിയ പുതിയ ഉത്തരവുകളും പ്രതിപക്ഷം ആയുധമാക്കുമെന്നും പൊതുസമൂഹം സംശയത്തോടെ വീക്ഷിക്കുമെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കും.
Next Story

RELATED STORIES

Share it