സര്‍ക്കാരിന്റെ വക്താവായി ആന്റണി പ്രത്യക്ഷപ്പെട്ടത് പരിഹാസ്യം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വക്താവായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പ്രത്യക്ഷപ്പെട്ടത് പരിഹാസ്യമാണെന്ന് പിണറായി വിജയന്‍. നവകേരള യാത്രയോടനുബന്ധിച്ച് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ആന്റണിയുടെ അഭിപ്രായം പ്രതീക്ഷിച്ചവര്‍ നിരാശരായി. കോണ്‍ഗ്രസ്സിലെ പൊതു രീതിയാണിതെന്നും എല്ലാവരും ഒരേ നിലപാടിലായിരിക്കുകയാണെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ലാതായി മാറിയിരിക്കുകയാണ്. ധാര്‍മികത തീരെ ഇല്ല. സംസ്ഥാനത്ത് മുമ്പെന്നത്തേക്കാളും വികസനം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നാണ് ആന്റണി പ്രതികരിച്ചത്. വികസനം ഏതുകാര്യത്തിലാണെന്ന് അറിയില്ല. കഴിഞ്ഞ 54 വര്‍ഷത്തെ പൊതുകടത്തിന്റെയത്രയും തുക നാലര വര്‍ഷം കൊണ്ട് കടപ്പെടുത്തിയിരിക്കുകയാണ്. നാലര വര്‍ഷം മുമ്പ് 78 കോടിയായിരുന്നത് ഇന്ന് ഒന്നര ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. ഇന്നു ജനിക്കുന്ന ഓരോ കുട്ടിയും 47788 രൂപ കടക്കാരനാണ്.
ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത സംസ്ഥാനമായി കേരളം മാറി. അഴിമതിയുടെ കാര്യത്തിലാണ് വികസനം നടന്നത്. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന ആന്റണിയുടെ വാദം കോണ്‍ഗ്രസ്സുകാര്‍ പോലും വിശ്വസിക്കില്ല. യുഡിഎഫ് കക്ഷികള്‍ പോലും ഈ സര്‍ക്കാരിനെ കൈവിട്ടു. എങ്ങനെയെങ്കിലും ഭരണം അവസാനിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പോലും ആഗ്രഹിക്കുന്നത്. സ്വപ്‌നം കണ്ട് അതുപോലെ പറയാന്‍ ആന്റണിക്കുള്ള കഴിവ് കൈമോശം വന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.
സരിതയ്ക്ക് പണം നല്‍കേണ്ട കാര്യം സിപിഎമ്മിനില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ സംഘത്തിന്റെ കുടിലബുദ്ധിയാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തുടര്‍ന്നാല്‍ പ്രതിഷേധവും തുടരും. എല്‍ഡിഎഫ് വികസനത്തിന് തടസ്സമല്ല. പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. സുധീരന് കോണ്‍ഗ്രസ് പോലും വില കല്‍പിക്കുന്നില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ അവിശുദ്ധ ബന്ധത്തിന് തയ്യാറെടുക്കുകയാണ്. 70 സീറ്റ് കിട്ടുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞിടത്തുനിന്ന് 10 ലേക്ക് അമിത്ഷാ മാറ്റി പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ഒറ്റപ്പെടല്‍ ചെറുതല്ല. എസ്എന്‍ഡിപി ബന്ധവും ഗുണം ചെയ്തില്ല. ഇനി കെ എം മാണിയെ കൂട്ടുപിടിക്കാനാണ് ശ്രമം. അതും വിലപ്പോവില്ല. ബിജെപിക്ക് കേരളത്തില്‍ കാലുറപ്പിക്കാനാവില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സ്തംഭനം ഒഴിവാക്കാനാണ് കാരായി രാജന്‍ രാജി വച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.
കെ ടി ജലീല്‍ എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ജെ തോമസ്, വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it