Flash News

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു



കോഴിക്കോട്: സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പുരോഗതി റിപോര്‍ട്ട് സിനിമാ സംവിധായകന്‍ രഞ്ജിത്തിനു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രോഗ്രസ് റിപോര്‍ട്ടിനോട് ജനങ്ങള്‍ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു മുമ്പേ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. പ്രകടനപത്രികയില്‍ അതിപ്രധാനമായ 35 കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഒരു വര്‍ഷം കൊണ്ട് അവയില്‍ മിക്ക കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാനായെന്നും ചിലതില്‍ നല്ല പുരോഗതി നേടാനായെന്നും വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാവും. ഇത് ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി അതിനിശിതമായി വിമര്‍ശിക്കുന്നവരും ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പൊതുവേ കാര്യങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തിയത് ശ്രദ്ധിക്കപ്പെട്ടു. മിക്ക മാധ്യമങ്ങളുടെയും പിന്തുണ ലഭിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യാന്‍ ഇത് സര്‍ക്കാരിനു കരുത്തു പകരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ ഓരോ ഇനത്തിലും ഒരു വര്‍ഷം കൊണ്ട് എന്തു ചെയ്തു എന്ന വിലയിരുത്തലാണ് പ്രോഗ്രസ് റിപോര്‍ട്ടിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങളും വിലയിരുത്തലുകളും ജനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നെന്നും  മുഖ്യമന്ത്രി പറഞ്ഞു. പഠനകാലത്ത് ചിലര്‍ രക്ഷിതാവിന്റെ കള്ളയൊപ്പിട്ട് പ്രോഗ്രസ് കാര്‍ഡ് സമര്‍പ്പിച്ചിരുന്നതുപോലെ പിണറായി സര്‍ക്കാരിന് ഈ പ്രോഗ്രസ് കാര്‍ഡില്‍ കള്ളയൊപ്പ് വേണ്ടെന്ന് രഞ്ജിത് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച ലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് താനും. ആ അര്‍ഥത്തില്‍ സര്‍ക്കാരിനു മികച്ച മാര്‍ക്ക് തന്നെ നല്‍കാമെന്നും രഞ്ജിത്ത് പ്രോഗ്രസ് റിപോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
Next Story

RELATED STORIES

Share it