thrissur local

സര്‍ക്കാരിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഡോ. പി കെ ബിജു എംപി

തൃശൂര്‍: ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നു ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ മോണിറ്ററിങ്ങ് കമ്മിറ്റി ചെയര്‍മാനും എം പി യുമായ  ഡോ. പി കെ ബിജു ആവശ്യപ്പെട്ടു. മുളങ്കുന്നത്തുകാവ് കിലയിലെ മഹാത്മ ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല അവലോകന യോഗം ദിഷയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ട സഹായങ്ങള്‍ നഷ്ടമായി പോകുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ത്രിതല പഞ്ചായത്തുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ മാത്രംപോര അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യണം. ത്രിതല പഞ്ചായത്തുകളില്‍ തന്നെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. പദ്ധതികളിലെ പോരായ്മകളും മേന്മകളും ചൂണ്ടിക്കാട്ടാനും അവര്‍ക്കു സാധിക്കണം. അതുപോലെ തന്നെ ജില്ലാതലത്തില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ട നടപടികളും സ്വീകരിക്കണം. പദ്ധതികളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ താഴെത്തട്ടിലേക്കു കൈമാറിയാല്‍ മാത്രമേ അവ ഗുണഭോക്താവിനു ഹിതകരമായി മാറൂ. മേല്‍ത്തട്ടില്‍നിന്നുള്ള അറിയിപ്പുകള്‍ താഴേത്തട്ടില്‍ അറിയാത്തതിന്റെ പേരില്‍ ഉപകാര പ്രദമായ നിരവധി പദ്ധതികളാണു ഗുണഭോക്താക്കള്‍ അറിയാതെ പോകുന്നത്. കൃഷി, മൃഗസംരക്ഷണം പോലുള്ളവയ്ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നത് അവസാനിപ്പിക്കണം. ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണു കാര്‍ഷിക ബാങ്കുകളും മറ്റു ദേശസാത്കൃത ബാങ്കുകളും വായ്പകളും മറ്റു സഹായങ്ങളും  നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായും വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തി. ദിഷ മെമ്പര്‍ സെക്രട്ടറിയും  ജില്ല കളക്ടറുമായ ഡോ. എ. കൗശിഗന്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍ വിനോദിനി, പ്രോജക്ട് ഡയറക്ടര്‍ എം കെ ഉഷ സംസാരിച്ചു.
Next Story

RELATED STORIES

Share it