kasaragod local

സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാന്‍ കാസര്‍കോട് മെഗാ മേള ഒരുങ്ങുന്നു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ ജനസമ്പര്‍ക്ക മേള അടുത്ത മാസം രണ്ടാം വാരത്തില്‍ കാസര്‍കോട് സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും സംബന്ധിച്ചു. എഡിഎം എച്ച് ദിനേശന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഒരുക്കും.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ ജില്ലാ ആശുപത്രികളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും, കൃഷി വകുപ്പ് ഒരുക്കുന്ന ജൈവ കാര്‍ഷിക മേള, പുഷ്പ ഫല പ്രദര്‍ശനം, നീര സ്റ്റാള്‍, മൃഗ സംരക്ഷണ വകുപ്പൊരുക്കുന്ന നാടന്‍ കന്നുകാലികളുടെ പ്രദര്‍ശനം, കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഉല്‍പന്ന പ്രദര്‍ശനവും, എക്‌സൈസ്, ഫിഷറീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണം, പട്ടികജാതി-പിന്നാക്ക ക്ഷേമം, പട്ടിക വര്‍ഗ ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, സിവില്‍ സപ്ലൈസ്, സാമൂഹിക നീതി, വ്യവസായം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുടെ പവലിയനുകള്‍ ഒരുക്കും.
അഞ്ച് വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങള്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ശുചിത്വ മിഷന്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നിവയുടെ സ്റ്റാളും മേളയുടെ ഭാഗമായിരിക്കും. മല്‍സ്യഫെഡ്, കര കൗശല വികസന കോര്‍പറേഷന്‍, ഹാന്‍ടെക്‌സ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപണന മേളയും നടത്തും. രണ്ട് ദിവസവും വൈകീട്ട് പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
മേളയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങളുടെ വിതരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. അക്ഷയയുടെ നേതൃത്വത്തില്‍ ആധാര്‍ രജിസ്‌ട്രേഷനും വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റാളും ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it