Editorial

സര്‍ക്കാരിന്റെ ചതി; തോട്ടമുടമകളുടെയും

പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഇടപെട്ടശേഷം അംഗീകരിച്ച കൂലിവര്‍ധന നടപ്പാക്കാന്‍ കഴിയുകയില്ലെന്ന് തോട്ടമുടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്. താങ്ങാനാവാത്ത കൂലിവര്‍ധന കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാരില്‍നിന്നുണ്ടായ സമ്മര്‍ദ്ദം കാരണമാണെന്നും അസോസിയേഷന്‍ തുറന്നുപറയുന്നു. മൂന്നാറിലെ തൊഴിലാളിസ്ത്രീകള്‍ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളെ മാറ്റിനിര്‍ത്തി സമരരംഗത്ത് ഉറച്ചുനിന്നതിനെ തുടര്‍ന്ന് സര്‍ക്കാരും ട്രേഡ് യൂനിയനുകളുമായി ഒത്തുതീര്‍പ്പിലെത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന തോട്ടമുടമകളുടെ നിലപാട് തുറന്നുകാണിക്കുന്നത് കേരള സര്‍ക്കാരിന്റെ തനിനിറമാണ്. നടപ്പാക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒത്തുതീര്‍പ്പ് തല്‍ക്കാലം തൊഴിലാളികളുടെ രോഷം അടക്കാനും ജനവിധി എതിരായിത്തീരുന്നത് ഒഴിവാക്കാനുമുള്ള തന്ത്രമെന്ന നിലയില്‍ മാത്രമാണ് അംഗീകരിക്കപ്പെട്ടത് എന്ന് തോട്ടമുടമകള്‍ പറയുമ്പോള്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരെയുള്ള ആരോപണമായാണ് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായാണോ താന്‍ മൂന്നാര്‍ സമരത്തിലും തുടര്‍ന്ന് നടന്ന പിഎല്‍സി ചര്‍ച്ചകളിലും ഇടപെട്ടത് എന്നു വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

അമിതമായ കൂലിയും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നതെന്ന തോട്ടമുടമകളുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല. തേയിലത്തൊഴിലാളികളുടെ മിനിമം കൂലി 232 രൂപയില്‍ നിന്ന് 301 രൂപയായും റബറിന്റെ കൂലി 317ല്‍ നിന്ന് 381 ആയും ഏലത്തിന് 267ല്‍ നിന്ന് 330 ആയും ഉയര്‍ത്താനാണ് കഴിഞ്ഞ യോഗത്തില്‍ ധാരണയായത്. മറ്റു ചില ആനുകൂല്യങ്ങളും തൊഴിലാളികള്‍ ആവശ്യപ്പെടുകയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ തോട്ടംമേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമെന്ന് കഴിഞ്ഞ യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സമ്മതിച്ചതാണ്. എന്നാല്‍, അത്തരത്തിലുള്ള യാതൊരു നീക്കവും സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് തോട്ടമുടമകള്‍ ആരോപിക്കുന്നത്. ഇത് ഗൗരവമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തോട്ടംമേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നു എന്ന ഉടമകളുടെ വാദത്തിന് അടിസ്ഥാനമുണ്ട്. സമരം ഒത്തുതീര്‍ന്നശേഷം മുഖ്യമന്ത്രി തയ്യാറാക്കി പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് സമ്മതിക്കുകയുണ്ടായി. അതേസമയം, ജീവിക്കാന്‍ മതിയായ വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയും വേണം. അത്തരത്തിലുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി അന്നു വെളിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍, തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവിടെ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനോ ഒന്നും സര്‍ക്കാര്‍ ഒരുനീക്കവും നടത്തിയിട്ടില്ല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികളും തോട്ടമുടമകളും ഒരേപോലെ ചൂണ്ടിക്കാട്ടുന്നത് ഈയൊരു വസ്തുതയാണ്. ഒരു ജനാധിപത്യസര്‍ക്കാരിനെ സംബന്ധിച്ച് അങ്ങേയറ്റം ലജ്ജാവഹമായ ഒരു അവസ്ഥയാണ് ഇത് എന്നുമാത്രമേ ഇക്കാര്യത്തെ സംബന്ധിച്ചു പറയാന്‍ സാധിക്കുകയുള്ളൂ.
Next Story

RELATED STORIES

Share it