സര്‍ക്കാരിനേറ്റത് ചൂലുകൊണ്ടുള്ള അടി: വിഎസ്

തിരുവനന്തപുരം: കോടികള്‍ കോഴ വാങ്ങിയ കെ എം മാണിയെ സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ സംരക്ഷിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ ചൂലുകൊണ്ടുള്ള അടിയാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
ഈ നാറ്റം സഹിച്ച് ഇനി എങ്ങനെയാണ് ഉമ്മന്‍ചാണ്ടിയും മാണിയും ജനമധ്യത്തില്‍ ഇറങ്ങി നടക്കുക? ഈ സാഹചര്യത്തില്‍ മാണിയും ഉമ്മന്‍ചാണ്ടിയും മാത്രമല്ല, സര്‍ക്കാര്‍ ഒന്നടങ്കം രാജിവയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
മാണി വിശുദ്ധനാണെന്ന് നിയമസഭയിലും പുറത്തും പ്രഖ്യാപിക്കുകയും അദ്ദേഹത്തെ രക്ഷിക്കാന്‍ എല്ലാ നിയമവിരുദ്ധ നടപടികളും കുതന്ത്രങ്ങളും പയറ്റുകയും ചെയ്ത ഉമ്മന്‍ചാണ്ടി കടുത്ത തെറ്റുകാരനാണ്. അതിനാല്‍ ജനങ്ങളോട് മാപ്പു പറയുകയും വേണം. ബാര്‍ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍നല്‍കിയ പരാതി കഴമ്പില്ലാത്തതാണെന്നു പറഞ്ഞുനടന്ന യുഡിഎഫ് നേതാക്കള്‍ക്കുള്ള ചുട്ട മറുപടിയാണ് വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയെന്നും വി എസ് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി തീരുമാനം ഹൈക്കോടതി ശരിവച്ച സാഹചര്യത്തില്‍ മന്ത്രി കെ എം മാണി ഒരുനിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിജിലന്‍സ് ഡയറക്ടറെ ഉപയോഗിച്ച് അനുകൂല റിപോര്‍ട്ട് സമര്‍പ്പിച്ച മുഖ്യമന്ത്രി ബാര്‍ കോഴ കേസില്‍ കൂട്ടുപ്രതിയായിരിക്കുകയാണ്. ആദര്‍ശത്തിന്റെ പ്രതിരൂപമെന്നു പറയുന്ന കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് എത്രയും വേഗം വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാനം രാജേന്ദ്രന്‍
കണ്ണൂര്‍: ബാര്‍ കോഴ കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മാണിയെ ഉടന്‍ അറസ്റ്റ് ചെയ്ത് തുടരന്വേഷണവുമായി മുന്നോട്ടുപോവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മാണി രാജിവയ്ക്കുമോയെന്ന കാര്യത്തില്‍ കോടതിക്കു പോലും സംശയമുണ്ട്. മനസ്സാക്ഷിയുണ്ടെങ്കില്‍ രാജിവയ്ക്കട്ടെയെന്ന കോടതി പരാമര്‍ശം ഇതിനു തെളിവാണ്. ബാര്‍ കോഴ കേസിന്റെ തുടരന്വേഷണം നടക്കേണ്ടത് കോടതിയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്‍
കൊച്ചി: ബാര്‍ കോഴ കേസില്‍ യുഡിഎഫിന് കെ എം മാണിയെ ഇനിയും ചുമക്കാനാവില്ലെന്നും കേസില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനം എടുക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
മാണി നേരത്തെ രാജി വയ്‌ക്കേണ്ടതായിരുന്നു. താന്‍ മുമ്പും ഇതേ നിലപാടു സ്വീകരിച്ചിരുന്നു. ഹൈക്കോടതി പരാമര്‍ശം കഴിഞ്ഞ ദിവസം ഉണ്ടായപ്പോഴെങ്കിലും രാജി വയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ അന്തരീക്ഷം വഷളാക്കേണ്ട എന്നു കരുതിയാണ് രണ്ടു ദിവസം പ്രതിഷേധം മനസ്സില്‍ ഒതുക്കിയതെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുമ്പ് രാജി വച്ചിരുന്നുവെങ്കില്‍ യുഡിഎഫിന് ഇത്ര തിരിച്ചടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it