സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ വ്യക്തികളല്ല വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പാടി ആര്‍ഐടിയില്‍ രമേശ് ചെന്നിത്തലയുടെ കത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായങ്ങള്‍ യുഡിഎഫില്‍ നിന്നകന്നുവല്ലോയെന്ന ചോദ്യത്തിന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ അകന്നുവെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞതെന്നായിരുന്നു മറുപടി.
ഹൈക്കമാന്‍ഡിന് കത്തയിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതാണ്. ഇല്ലാത്ത കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അതേക്കുറിച്ച് ആദ്യം മുതലേ എന്റെ നിലപാട് ഇതു തന്നെയാണ്. ബ്രേക്കിങ് ന്യൂസുകളുടെ പിന്നാലെ പോവുന്നയാളല്ല താന്‍. അങ്ങനെ പോയവരെല്ലാം കുരുക്കില്‍ വീഴുന്നതാണ് കണ്ടിട്ടുള്ളത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പിന്നീട് നടക്കും. എ കെ ആന്റണിയും രമേശ് ചെന്നിത്തലയും മടങ്ങിയെത്തിയ ശേഷം സൗകര്യപ്രദമായ സമയത്ത് നടക്കും. 30ന് പാമ്പാടി ആര്‍ഐടി രജത ജൂബിലിയാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന സോണിയ ഗാന്ധിയുമായി യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12ന് നാട്ടകം ഗസ്റ്റ് ഹൗസിലെത്തുന്ന അവര്‍ 2.30നാണ് പാമ്പാടിയിലേക്ക് തിരിക്കുക. ഇതിനിടയിലുള്ള സമയത്താണ് യുഡിഎഫ് കക്ഷി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നത്.
കോണ്‍ഗ്രസ് പ്രധാനമന്ത്രി, എഐസിസി പ്രസിഡന്റ് എന്നിവര്‍ കേരളത്തിലെത്തിയാല്‍ സാധാരണയായി നടക്കുന്ന കൂടിക്കാഴ്ചയായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ. കൂടിക്കാഴ്ചയ്ക്ക് പ്രത്യേകമായ രാഷ്ട്രീയ പ്രാധാന്യമില്ല. കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ പല അവസരവും ലഭിക്കുമെങ്കിലും ഘടക കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഇത്തരം അവസരം മാത്രമേ ലഭിക്കൂ. ഐക്യമുന്നണി ഉണ്ടായ കാലം മുതല്‍ നേതാക്കള്‍ എത്തുമ്പോള്‍ ഇത്തരം കൂടിക്കാഴ്ച നടക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it