Flash News

സര്‍ക്കാരിനെ വിമര്‍ശിച്ചു; ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സര്‍ക്കാരിനെ വിമര്‍ശിച്ചു; ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍
X
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍.സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിനെതുടര്‍ന്നാണ് നടപടി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്(ഐഎംജി) ഡയറക്ടര്‍ സ്ഥാനത്ത് നിന്നുമാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.


ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് വിമര്‍ശനമുന്നയിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു അധികാരത്തില്‍ തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചത്. ജനങ്ങളാണു യഥാര്‍ഥ അധികാരിയെന്നും ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എത്രപേരെ കാണാതായെന്നോ എത്ര പേര്‍ മരിച്ചെന്നോ  പോലും അറിയാത്ത  സ്ഥിതിയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേത്തിന്റെ നടപടി ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്റ് ചെയ്തത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ഒന്‍പതാം തിയ്യതി സംഘടിപ്പിച്ച അഴിമതി വിരുദ്ധ ദിനാചരണ യോഗത്തില്‍ സംസാരിക്കവെയാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പോലും ജനങ്ങള്‍ പേടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it