സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മലേസ്യയില്‍ യാത്രാവിലക്ക്

ക്വാലാലംപൂര്‍: മലേസ്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതായി റിപോര്‍ട്ട്. സ്റ്റാര്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രി നജീബ് റസാഖിനെതിരേ അഴിമതി ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരായ പുതിയ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനായി ഏതാനും മാസങ്ങള്‍ക്കുമുമ്പു തന്നെ കുടിയേറ്റ വകുപ്പ് പലര്‍ക്കും യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുത്തിയതായും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തു.
അങ്ങനെയൊരു വ്യവസ്ഥ നിലനില്‍ക്കുന്നതായി കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാകിബ് കുസ്മി സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ ബെര്‍സിഹിന്റെ മേധാവി മരിയ ചിന്‍ അബ്ദുല്ലയ്ക്ക് അടുത്തിടെ ദക്ഷിണകൊറിയയിലേക്ക് പോവുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നജീബിന്റെ രാജിയാവശ്യപ്പെട്ട് ബെര്‍സിഹിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതാണ് നീക്കത്തിനു പിന്നിലെന്നാണ് സൂചന. രാജ്യദ്രോഹ നിയമമുള്‍പ്പെടെ നജീബിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിരവധി നിയമങ്ങള്‍ക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ മറ്റൊരു തെളിവാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Next Story

RELATED STORIES

Share it