സര്‍ക്കാരിനെ പരോക്ഷമായി പരിഹസിച്ച് ജേക്കബ് തോമസ് വീണ്ടും

തിരുവനന്തപുരം: നിരവധി നടപടികളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്ന പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും പരോക്ഷമായി പരിഹസിച്ച് വീണ്ടും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്രാവുകളുടെ ഇടയില്‍ നീന്തേണ്ടിവരുന്ന സാഹസം! സംരക്ഷണം ഉണ്ടാകുമോ? എന്നാണ് ജേക്കബ് തോമസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ജേക്കബ് തോമസ് നല്‍കിയ വിശദീകരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിഗണിക്കാനിരിക്കെയാണ് ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. 3000ഓളം പേര്‍ ലൈക്ക് ചെയ്തിട്ടുള്ള പോസ്റ്റ് 500ഓളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലിട്ട പോസ്റ്റിന് അദ്ദേഹത്തെ പിന്തുണച്ച് നൂറുകണക്കിനു പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ വിജിലന്‍സ് വിധിയെ അനുകൂലിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് ഡിജിപി സെന്‍കുമാറും ചീഫ് സെക്രട്ടറി ജിജി തോമസണും ജേക്കബ് തോമസിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുംവിധം ജേക്കബ് തോമസ് പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി. നേരത്തേ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരേ പരസ്യമായി പ്രതികരിച്ചതിനും വിശദീകരണം ചോദിച്ചിരുന്നു. ഇതിനെതിരേയും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിക്ക് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. അതിനിടെ, ജേക്കബ് തോമസിനെതിരായ നടപടി ലഘൂകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, ചെന്നിത്തല തന്നെ അതു നിഷേധിച്ചു. ഇനി നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ പുതിയ പോസ്റ്റ്. മുഖ്യമന്ത്രി തനിക്കെതിരേ അച്ചടക്കനടപടി എടുക്കുമെന്നാണ് ജേക്കബ് തോമസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ ധ്വനി.
ജോലിക്കുവേണ്ടി ജീവിക്കണോ അതോ നീതിക്കുവേണ്ടി ജീവിക്കണോ എന്ന ധര്‍മസങ്കടത്തിന് എന്താണ് ഉത്തരമെന്ന ചോദ്യമുന്നയിച്ച് കഴിഞ്ഞ 12നാണ് ജേക്കബ് തോമസ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനത്തിനെതിരേ വായ മൂടികെട്ടാന്‍ താന്‍ ഒരു സെല്ലോടേപ്പ് കൈയില്‍വച്ചിട്ടുണ്ടെന്ന് ജേക്കബ് തോമസ് നേരത്തേ പ്രതികരിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് ദോഷമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുമ്പോഴാണ് ഫേസ്ബുക്കിലൂടെ ജേക്കബ് തോമസ് വീണ്ടും രംഗത്തുവന്നത്.
Next Story

RELATED STORIES

Share it