സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് യുഡിഎഫ് യോഗം. ഇത്രയേറെ മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.പ്രകൃതിദുരന്തമുണ്ടായ ശേഷം ധനസഹായം പ്രഖ്യാപിക്കുന്നതല്ല സര്‍ക്കാരിന്റെ കടമ. ദുരന്തത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുകയും ജനങ്ങളോടൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു വേണ്ടത്. 30ന് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച് കടന്നുപോയതിനു ശേഷമാണു സംസ്ഥാനസര്‍ക്കാര്‍ വിവരമറിയുന്നത്. അത്രയ്ക്കാണു സര്‍ക്കാരിന്റെ കാര്യക്ഷമത. സമരത്തിലേക്ക് യുഡിഎഫിനെ തള്ളിവിടരുതെന്നും ചെന്നിത്തല പറഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്ന് ക്രൈസിസ് മാനേജ്മെന്റ് ടീം ഉണ്ടാക്കിയില്ല. കണ്‍ട്രോള്‍ റൂം തുറന്നില്ല. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നില്ല. ഇന്നലെ ചേര്‍ന്നത് സാധാരണ മന്ത്രിസഭായോഗം മാത്രമാണ്. മുന്നറിയിപ്പ് കിട്ടിയ ശേഷം ഒരുനിമിഷംപോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചുഴലിയടിച്ച 30ന് എന്തു രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്നും എത്രപേരെ രക്ഷപ്പെടുത്തിയെന്നും എവിടെയൊക്കെ തിരച്ചില്‍ നടത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നാംതിയ്യതി പ്രതിപക്ഷ നേതാക്കളെല്ലാം കടപ്പുറത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പറയുന്ന സര്‍ക്കാര്‍ ഏജന്‍സികളെ ഒന്നും അവിടെ കണ്ടില്ല. സിപിഎം-സിപിഐ തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ മുമ്പില്‍ നില്‍ക്കേണ്ട റവന്യൂമന്ത്രിയെ കണ്ടതുപോലുമില്ല.  സ്വന്തം കഴിവുകേടിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റംപറയേണ്ട. ജനരോഷം കാരണം ഒരു മുഖ്യമന്ത്രിക്കും ഇതുപോലെ ജനങ്ങളില്‍ നിന്ന് ഓടിപ്പോവേണ്ടിവന്നിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ അവസ്ഥയില്‍ പരിതപിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് യഥാസമയം കിട്ടിയിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it