സര്‍ക്കാരിനെതിരേ ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: ജിഷയുടെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കി പാര്‍ട്ടികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ മികച്ച ആയുധമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ ജിഷാവധം ഉയര്‍ത്തിക്കഴിഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതും കുറ്റാന്വേഷണത്തില്‍ പോലിസ് പുലര്‍ത്തിയ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പ്രചാരണം. പ്രതിഷേധം യുവജനസംഘടനകളിലൂടെ തെരുവിലെത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പ് സര്‍ക്കാരിനെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കി.
മരിച്ച ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കാന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞദിവസം ജിഷയുടെ വീട്ടിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം എഐവൈഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് ആറു ദിനങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലിസിന്റെ കഴിവുകേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടത് നേതാക്കളുടെ പ്രചാരണം. ഉമ്മന്‍ചാണ്ടിയുടെ പോലിസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെ വിഎസ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പോലിസിന്റെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എഡിജിപി റാങ്കില്‍ കുറയാത്ത വനിതാ ഉദ്യോഗസ്ഥയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷമാര്‍ക്കല്ല ക്രിമിനലുകള്‍ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന തരത്തിലുള്ള പ്രചാരണമാണ് സിപിഎം നേതാക്കള്‍ ജിഷാവിഷയം ഉയര്‍ത്തി നടത്തുന്നത്.
ജിഷയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആറിന് സംസ്ഥാനതലത്തില്‍ സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കുന്നുണ്ട്. ഒമ്പതിന് വാര്‍ഡ് തലത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തും. ഈ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇടത് വനിതാ സംഘടനകളാണ്. അതേസമയം രാജ്യസഭയിലും ലോക്‌സഭയിലും വിഷയം ഉയര്‍ത്തി സംഭവത്തിന് ദേശീയമാനം നല്‍കി കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ബിജെപി തീരുമാനം.
ദലിത് പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനമുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ബിജെപി എംപിമാര്‍ ലോക്‌സഭയില്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സംസ്ഥാനസര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ട്. അടുത്തദിവസം തന്നെ കേന്ദ്ര സാമൂഹിക നീതിവകുപ്പ് മന്ത്രി പെരുമ്പാവൂരിലെത്തുന്നതിനു പിന്നിലും തിരഞ്ഞെടുപ്പില്‍ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. അതിനിടെ ജിഷാവധം അന്വേഷിക്കുന്നതില്‍ പോലിസിനു വീഴ്ച സംഭവിച്ചില്ലെന്ന പ്രചാരണം യുഡിഎഫ് ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി സഹായം ആവശ്യപ്പെട്ടിട്ട് വാര്‍ഡും പഞ്ചായത്തും മണ്ഡലവും ഭരിക്കുന്ന സിപിഎം പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
Next Story

RELATED STORIES

Share it