Flash News

സര്‍ക്കാരിനെതിരേ അവിശ്വാസം

ന്യൂഡല്‍ഹി: ആന്ധ്രയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ടിഡിപി ഇന്നലെ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നു. മുന്നണി വിട്ടതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അവിശ്വാസപ്രമേയം.
എന്നാല്‍, പ്രതിഷേധത്തില്‍ മുങ്ങി സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞതിനാല്‍ പ്രമേയം പരിഗണിച്ചില്ല. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തുടര്‍ച്ചയായി പത്താം ദിവസമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ്, ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടുള്ള ടിഡിപി പ്രതിഷേധം എന്നിവയാണ് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്.
ആന്ധ്രപ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തേ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി വരെ ടിഡിപി അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാവിലെ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സ്വന്തമായി പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. ആന്ധ്രയില്‍ ടിഡിപിയുടെ മുഖ്യ എതിരാളിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിന് പകരം സ്വന്തമായി പ്രമേയം അവതരിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് പാര്‍ട്ടിയുടെ ഉന്നത സമിതി തീരുമാനിച്ചത്.
ടിഡിപിക്ക് വേണ്ടി പാര്‍ട്ടിയംഗം വി വൈ സുബ്ബ റെഡ്ഡി, ടി നരസിംഹം എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് കത്തു നല്‍കിയത്. പ്രമേയം തിങ്കളാഴ്ച പരിഗണിക്കണമെന്നാണ് നരസിംഹം സ്പീക്കര്‍ സുമിത്രാ മഹാജന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റെഡ്ഡി നല്‍കിയ അവിശ്വാസ പ്രമേയം ഇന്നലെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് നരസിംഹം തിങ്കളാഴ്ചത്തേക്ക് പ്രമേയം പരിഗണിക്കാന്‍ കത്തു നല്‍കിയത്. ടിഡിപിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രമുഖ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്, സിപിഎം, എഐഎംഐഎം അടക്കമുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അറിയിച്ചു.  വിഷയത്തില്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ തീരുമാനമെടുക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാറും വ്യക്തമാക്കി.
Next Story

RELATED STORIES

Share it