സര്‍ക്കാരിനെതിരായ വിമര്‍ശനം; തച്ചങ്കരിക്കെതിരേ നടപടിക്ക് അനുമതി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് വിവാദത്തില്‍ സര്‍ക്കാരിനെതിരേ യോഗം വിളിച്ച സംഭവത്തില്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ നടപടിക്ക് ആഭ്യന്തരവകുപ്പ് അനുമതി നല്‍കി. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടു. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം ട്രെയ്‌നിങ് എഡിജിപി രാജേഷ് ധവാന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടം ടോമിന്‍ തച്ചങ്കരി ലംഘിച്ചതായും ഇതില്‍ സര്‍ക്കാരിനു നടപടിയാവാമെന്നുമായിരുന്നു അന്വേഷണ റിപോര്‍ട്ട്. ഡിജിപി ശരിവച്ച റിപോര്‍ട്ട് സര്‍ക്കാരിനു കൈമാറുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരിക്ക് ആദ്യം നോട്ടീസ് നല്‍കുകയാവും ചെയ്യുക. ഇത് തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു കടക്കാന്‍ കഴിയും. എംഡി സ്ഥാനത്തുനിന്നു മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചശേഷം തച്ചങ്കരി വിളിച്ചുചേര്‍ത്ത കണ്‍സ്യൂമര്‍ഫെഡിന്റെ തിരുവനന്തപുരം സോണിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് വിവാദമായത്. ഇതില്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണുന്നയിച്ചത്.
മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണു താനെന്നും തനിക്കു പകരം കോംപ്ലാന്‍ ബേബിയെ നിയമിക്കാനാണ് മന്ത്രിയുടെ നീക്കമെന്നുമായിരുന്നു തച്ചങ്കരിയുടെ വിമര്‍ശനം. പുറത്തുപോവുന്ന താന്‍ അകത്തുള്ളവനേക്കാള്‍ കൂടുതല്‍ അപകടകാരിയായിരിക്കും. തന്നോടൊപ്പമുള്ളവരെ ഭരണസ്വാധീനം ഉപയോഗിച്ച് ഉപദ്രവിച്ചാല്‍ പോലിസ് പദവിയുടെ ശക്തിയുപയോഗിച്ച് തിരിച്ചടിക്കും. കണ്‍സ്യൂമര്‍ഫെഡ് ചിലര്‍ കട്ടുമുടിക്കുകയാണ്. ഇതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും തച്ചങ്കരി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തച്ചങ്കരിക്കെതിരേ നടപടിയാവശ്യപ്പെട്ട് സഹകരണമന്ത്രി സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു.
തച്ചങ്കരിയെ മാറ്റണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തെത്തിയശേഷം അഴിമതിയുമായി ബന്ധപ്പെട്ട് തച്ചങ്കരി സ്വീകരിച്ച ചില നടപടികളാണ് മന്ത്രി സി എന്‍ ബാലകൃഷ്ണനെ ചൊടിപ്പിച്ചത്.
അഴിമതിയില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കാരിന് ഇരുപതിലേറെ റിപോര്‍ട്ടുകള്‍ നല്‍കി. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ക്രമക്കേടുകളുടെ കണക്കുകള്‍ സഹിതമുള്ള റിപോര്‍ട്ടില്‍ ബോര്‍ഡ് പിരിച്ചുവിടണമെന്ന ശുപാര്‍ശയുമുണ്ടായിരുന്നു.
കണ്‍സ്യൂമര്‍ഫെഡില്‍ 100 കോടിയോളം രൂപയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.
Next Story

RELATED STORIES

Share it