സര്‍ക്കാരിനു ഭീഷണിയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം പരിഗണിക്കും.
സരിത നല്‍കിയ തെളിവുകളുടെ ആധികാരികത സോളാര്‍ കമ്മീഷനാണ് പരിശോധിക്കേണ്ടത്. വെളിയില്‍ നടന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍തലത്തില്‍ അന്വേഷിക്കും. തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കും. കോഴ ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിന് ജനപിന്തുണയുണ്ടാവില്ല. വികസനവും കരുതലും എന്നതാണ് സര്‍ക്കാര്‍ നയം. അവസാനനിമിഷം വരെ അതില്‍ വീഴ്ചയുണ്ടാവില്ല.
സര്‍ക്കാരിന്റെ ജനപിന്തുണയില്‍ വിറളിപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നു. അതിനെല്ലാം ഫലമുണ്ടാവുന്നു. ഇപ്പോഴത്തെ ആരോപണങ്ങള്‍ ജനം വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് സിപിഎം ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലേക്ക് തിരിയുന്നത്. അഞ്ചു വര്‍ഷം കാത്തിരുന്നവര്‍ക്ക് രണ്ടോ മൂന്നോ മാസം കൂടി കാത്തിരുന്നു കൂടെ. ബിജു രാധാകൃഷ്ണന്റെ ആരോപണത്തിനു പിന്നാലെ പോയിട്ട് അവര്‍ക്കുതന്നെ തിരിച്ചടി കിട്ടിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. തമ്പാനൂര്‍ രവിക്കും ബെന്നി ബെഹ്‌നാനും എതിരേയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തില്‍ അവര്‍തന്നെ തുടര്‍നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it