സര്‍ക്കാരിനു ധൃതി കെ സുധാകരന്‍

കണ്ണൂര്‍/പന്തളം/തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതിനു പകരം വിശ്വാസികളുടെ അഭിപ്രായം പരിശോധിക്കാതെ വിധി നടപ്പാക്കാനുള്ള ധൃതിയിലാണെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.
കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലെ ശബരിമല പ്രശ്‌നത്തിലുണ്ടായിട്ടുള്ളത്. എന്നാല്‍ അവിടുത്തെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതികരണത്തെ തുടര്‍ന്ന് പുതിയ നിയമനിര്‍മാണം നടത്തി വിശ്വാസികളുടെ പ്രതിഷേധം തണുപ്പിച്ചിരുന്നു. അതേ നിലപാടാണ് കേരളസര്‍ക്കാരും സ്വീകരിക്കേണ്ടത്. അതിനാവശ്യമായ നിയമനിര്‍മാണം നടത്തണം. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെതിരേ കഴിഞ്ഞ ദിവസം വിശ്വാസികള്‍ പ്രതിഷേധം നടത്തിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ സമരത്തിന് ലക്ഷങ്ങളാണ് പങ്കെടുത്തത്.
വിശ്വാസികളുടെ വിശ്വാസത്തിന് മുറിവേറ്റ നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധത്തിനിടയാക്കും.വ്യാപക എതിര്‍പ്പും ചെറുത്തുനില്‍പ്പും കാണാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും പ്രതിരോധത്തെ തടയാന്‍ സര്‍ക്കാരിനാവുമോ യെന്നും സുധാകരന്‍ ചോദിച്ചു. പതിനെട്ടാംപടിയില്‍ വനിതാ പോലിസുകാരെ നിയമിക്കാന്‍ ഭക്തര്‍ അനുവദിക്കുമോയെന്നും സര്‍ക്കാര്‍ ആലോചിക്കണം.കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം ഒറ്റപ്പെട്ട വികാരമല്ല. പാരമ്പര്യത്തിന് കോട്ടം തട്ടാതിരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം. സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ വനിതാ ജഡ്ജി വ്യത്യസ്തമായ വിധിയെഴുതിയത് ചരിത്ര രേഖയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധിക്കെതിരേ പന്തളം കൊട്ടാരം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി. നിയമപരമായി എന്തെല്ലാം ചെയ്യാമെന്ന് കെപിസിസിയുമായി ആലോചിച്ച് ചെയ്യും. ഗുരുവായൂര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളിലെ മുന്‍കാല പ്രസിഡന്റുമാര്‍, ദേവസ്വം അംഗങ്ങള്‍ എന്നിവരുമായി ഇക്കാര്യത്തെക്കുറിച്ച് കൂടിയാലോചന നടത്തും. വിധിക്കെതിരേ റിവ്യൂ പെറ്റീഷന്‍ നല്‍കും. പാര്‍ലമെന്റിലും നിയമസഭയിലും ഇതിനെതിരേ നിയമം പാസാക്കാന്‍ സമ്മര്‍ദംചെലുത്തും. പാര്‍ട്ടിയെന്ന നിലയില്‍ അഞ്ചിന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡിനെ എകെജി സെന്ററിന്റെ അനുബന്ധ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാരും സിപിഎമ്മും ഉപേക്ഷിക്കണമെന്ന് വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അയ്യപ്പഭക്തരുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനു പകരം സിപിഎമ്മിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം പോലെയുള്ള മതാചാരങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുകയാണ് യുക്തമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്. അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ട മതങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it