സരിത എസ് നായര്‍ പെന്‍ഡ്രൈവ് സോളാര്‍ കമ്മീഷന് കൈമാറി

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ കൂടുതല്‍ തെളിവുകള്‍ കൈമാറി. ജനുവരി 27ന് സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന 12ഓളം ഫയലുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ആണ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ സരിത എസ് നായര്‍ ഇന്നലെ കൈമാറിയത്. കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഈ പെന്‍ഡ്രൈവിലുണ്ടെന്നും സരിത കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
അതേസമയം, ക്രോസ് വിസ്താരം പകുതിയും പൂര്‍ത്തിയായ സാഹചര്യത്തില്‍ കമ്മീഷനില്‍ വീണ്ടും തെളിവ് നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എസ് റാല്‍ഫ്, പോലിസ് അസോസിയേഷന് വേണ്ടി ഹാജരായ അഡ്വ. ജോര്‍ജ് പൂന്തോട്ടം എന്നിവര്‍ കമ്മീഷനെ വിയോജിപ്പറിയിച്ചു. എന്നാല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതിനാലാണ് സരിത തെളിവുകള്‍ ഹാജരാക്കിയതെന്നും പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും ജസ്റ്റിസ് ജി ശിവരാജന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ വീണ്ടും ക്രോസ് വിസ്താരം നടത്താമെന്നും കമ്മീഷന്‍ അഭിഭാഷകരെ അറിയിച്ചു.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍, തമ്പാനൂര്‍ രവിയുടെ അഭിഭാഷകന്‍, ജിക്കുമോന്റെ അഭിഭാഷകന്‍ എന്നിവര്‍ സരിതയെ ക്രോസ് വിസ്താരം ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ടു തവണയായി 40 ലക്ഷം രൂപ കൈമാറിയതായി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി സരിത പറഞ്ഞു. 2011 ഡിസംബറില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കേശവന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് മന്ത്രി ആര്യാടനുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇക്കാര്യം നിരവധി തവണ ആര്യാടന്‍ മുഹമ്മദുമായി നേരിട്ടും ഫോണിലും സംസാരിച്ചിരുന്നു. ആദ്യപടിയായി മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ച് വൈകീട്ട് നാലു മണിക്ക് ശേഷം ഓഫിസില്‍ ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം കൈമാറി. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫുകളായ കൃഷ്‌ണേട്ടനും ഉമ്മറും ഓഫിസിന് പുറത്തുണ്ടായിരുന്നു. താന്‍ ബിഗ്‌ഷോപ്പറുമായി കയറിപ്പോവുന്നത് അവര്‍ കണ്ടിരുന്നു. പിന്നീട് കോട്ടയം കോടിമതയിലെ സുമംഗലി ഓഡിറ്റോറിയത്തില്‍ കെഎസ്ഇബി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗസ്ഥലത്ത് തന്റെ സ്റ്റാഫ് കൈവശം മന്ത്രിയുടെ ഔദ്യോഗിക കാറില്‍ 15 ലക്ഷം രൂപ എത്തിച്ചു. സോളാര്‍ നിക്ഷേപകര്‍ നല്‍കിയ പണമാണ് മന്ത്രിക്ക് നല്‍കിയതെന്നും കമ്പനി അക്കൗണ്ടില്‍ നിന്ന് ബിജു രാധാകൃഷ്ണനാണ് പണം പിന്‍വലിച്ചതെന്നും സരിത പറഞ്ഞു. താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തോ എന്നറിയാന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നും, കെഎസ്ഇബി കോട്ടയം ചാപ്റ്ററിന്റെ കൈവശമുളള ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാക്കാമെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it