സരിതയുടെ നടപടി നിഗൂഢം: ജസ്റ്റിസ് ജി ശിവരാജന്‍



കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഘട്ടംഘട്ടമായി തെളിവുകള്‍ ഹാജരാക്കുന്ന സരിത എസ് നായരുടെ നടപടി നിഗൂഢവും അനഭിലഷണീയവുമാണെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി തെളിവെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ സരിതയ്‌ക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചത്. ഇത്തരത്തില്‍ സരിത ഹാജരാക്കുന്ന തെളിവുകള്‍ കമ്മീഷനെ സഹായിക്കുന്നതിന് വേണ്ടിയല്ലെന്നും മറിച്ചാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. [related]
ഇതിനു മുമ്പ് 16 തവണ സരിത എസ് നായര്‍ക്ക് കമ്മീഷന്‍ തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കിയിരുന്നതാണ്. സരിതയ്ക്കു താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ നേരത്തേതന്നെ അവര്‍ തെളിവുകള്‍ ഹാജരാക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ബിജുരാധാകൃഷ്ണന്റേയും സരിതയുടേയും കമ്പനിയായിരുന്ന ടീം സോളാറിന്റെ അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് സരിത എസ് നായര്‍ തന്നെ ക്ഷണിച്ചത് ഫോണില്‍ വിളിച്ചാണെന്ന് മുന്‍മന്ത്രി കെ പി മോഹനന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. തന്നെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചെന്ന സരിതയുടെ മൊഴി തെറ്റാണെന്നും കെ പി മോഹനന്‍ പറഞ്ഞു.
2011 ജൂണില്‍ എറണാകുളത്ത് ടീം സോളാര്‍ സംഘടിപ്പിച്ച പരിസ്ഥിതി അവാര്‍ഡ് വിതരണത്തിനായിട്ടാണ് സരിത ലക്ഷ്മി നായര്‍ എന്ന പേരില്‍ തന്നെ ഫോണില്‍ വിളിച്ചത്. പിന്നീടും ഇതേ ആവശ്യത്തിനായി വിളിച്ചിട്ടുണ്ടെന്നും കെ പി മോഹനന്‍ പറഞ്ഞു.
എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിക്കാണ് അവാര്‍ഡ് നല്‍കിയത്. എംഎല്‍എ ഹൈബി ഈഡന്‍, അന്നത്തെ കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മണി, നടി കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ആര്‍ ബി നായരെന്ന ബിജു രാധാകൃഷ്ണനെ കണ്ടതായി ഓര്‍മയില്ലെന്നും അദ്ദേഹത്തെ പരിചയമില്ലെന്നും അദ്ദേഹം മൊഴി നല്‍കി.
Next Story

RELATED STORIES

Share it