സരിതയുടെ കത്ത് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവ് ; നാളെ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

കൊച്ചി: ജയിലില്‍വച്ച് സരിത എഴുതിയതായി പറയുന്ന 21 പേജുള്ള കത്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു.
ഈ മാസം 27, 28 തിയ്യതികളില്‍ സരിത കമ്മീഷനില്‍ ഹാജരാവാനിരിക്കെയാണ് ജസ്റ്റിസ് ജി ശിവരാജന്‍ ഈ ഉത്തരവിറക്കിയത്. ഈ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവേണ്ടതില്ലെങ്കില്‍ സരിത കമ്മീഷനില്‍ ഹാജരാവണമെന്നും അപ്പോള്‍ കത്ത് കൊണ്ടുവരണമെന്നും ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
സോളാര്‍ കമ്മീഷന്റെ അന്വേഷണത്തെ സഹായിക്കുമെന്നതിനാല്‍ സരിതയുടെ കത്ത് ഹാജരാക്കാനാവശ്യപ്പെടണമെന്ന് കമ്മീഷനില്‍ കക്ഷി ചേര്‍ന്ന അഡ്വ. സി രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചിരുന്നു. കത്ത് തന്റെ സ്വകാര്യ ആവശ്യത്തിനായി എഴുതിയതാണെന്നും തന്റെ പ്രിവിലേജിന്റെ പരിധിയില്‍ വരുന്നതാണ് ഈ കത്തെന്നും സരിത മുമ്പ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ 129ാം വകുപ്പനുസരിച്ച് കത്ത് പിടിച്ചെടുക്കാന്‍ പോലിസിന് അധികാരമില്ലെന്നായിരുന്നു—— സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും കത്ത് ഇപ്പോള്‍ ഒരു രഹസ്യമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സരിത സ്വകാര്യമായി എഴുതിയതായി പറയുന്ന കത്ത് ഇപ്പോള്‍ പരസ്യമാണ്. അത് സരിതയോ അവരുടെ വക്കീലോ മാത്രമല്ല വായിച്ചിട്ടുള്ളത്. സരിതതന്നെ അത് വക്കീല്‍ വശം മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപിന്റെ കൈയിലേല്‍പ്പിച്ചു. സരിത ആ കത്തെഴുതിയത് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ കൈയിലെത്തിക്കുന്നതിനു വേണ്ടിയാണ്. അദ്ദേഹത്തിനുപുറമേ മറ്റുചിലരും ആ കത്ത് വായിച്ചിട്ടുണ്ട്. സരിതതന്നെ കത്ത് ഒരു വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി. അതിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു.
മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത് കത്തില്‍ 13 ഉന്നത രാഷ്ട്രീയക്കാരുടെയും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ സരിത കത്ത് കമ്മീഷനില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ നേരിട്ട് ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി തേടി സെന്‍ട്രല്‍ ജയിലില്‍നിന്ന് ബിജു രാധാകൃഷ്ണന്‍ അയച്ച അപേക്ഷ ഇന്നലെ കമ്മീഷന് ലഭിച്ചു.
അപേക്ഷ തള്ളിയ കമ്മീഷന്‍ ബിജുവിന്റെ അഭിഭാഷകന് വേണമെങ്കില്‍ മുഖ്യമന്ത്രിയെ ക്രോസ് വിസ്താരം ചെയ്യാമെന്ന് വ്യക്തമാക്കി. നാളെ രാവിലെ 11ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍വച്ച് മുഖ്യമന്ത്രിയില്‍നിന്ന് കമ്മീഷന്‍ മൊഴിയെടുക്കും.
Next Story

RELATED STORIES

Share it