സരിതയുടെ കത്ത് അന്വേഷണ റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടതെങ്ങനെ?

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍, സരിത എസ് നായരുടെ വിവാദ കത്ത് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെയെന്ന് ഹൈക്കോടതി. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഈ കത്ത് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എങ്ങനെയാണ് കത്ത് ഉള്‍പ്പെട്ടതെന്നുമാണ് കോടതി ചോദിച്ചത്.
കമ്മീഷന്‍ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സരിതയുടെ കത്ത് പരസ്യമായ ഒന്നാണെങ്കിലും സര്‍ക്കാര്‍ അത് ഇടയ്ക്കിടെ ഉയര്‍ത്തുന്നത് ഹരജിക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. സരിത എസിജെഎം എന്‍ വി രാജുവിന്റെ മുന്നില്‍ മൊഴി നല്‍കിയപ്പോള്‍ തന്നെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയെന്നും അത് പൊതുമണ്ഡലത്തിലെത്തിയെന്നും സ്വകാര്യത സംബന്ധിച്ച ആരോപണങ്ങളില്‍ കാര്യമില്ലെന്നും സ ര്‍ക്കാര്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാവില്ല. റിപോര്‍ട്ട് നിയമസഭയുടെ സ്വത്താണ്. നിയമസഭയുടെ അധികാരങ്ങളി ല്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല. കമ്മീഷന്റെ നടപടി ക്രമങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കി ല്‍ മാത്രമേ ഇടപെടാനാവൂ. ഉള്ളടക്കത്തില്‍ ആവില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്കുമാര്‍ വാദിച്ചു.
കേസി ല്‍ സര്‍ക്കാരിന്റെ വാദം അടുത്ത മാസം ഏഴിന് തുടരും. അന്ന് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാവും. കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ വ്യക്തികളും സംഘടനകളും സമര്‍പ്പിച്ച അപേക്ഷകള്‍ ആറിന് കോടതി പരിഗണിക്കും. കമ്മീഷന്റെ റിപോര്‍ട്ടും അതിലെ അന്വേഷണവും റദ്ദാക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്. സരിത എസ് നായരുടെ ഒരു കത്ത് കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെ ഉമ്മന്‍ചാണ്ടി ഹരജിയില്‍ ചോദ്യം ചെയ്യുന്നു.
പരിശോധനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് നിയമവിരുദ്ധവും ഹരജിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരത്തിലുള്ള റിപോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചത് വലിയ മാനഹാനിയുണ്ടാക്കിയിരിക്കുകയാണ്. കമ്മീഷന്റെയും ഇടതുസര്‍ക്കാരിന്റെയും പ്രവര്‍ത്തനം ഹരജിക്കാരന്റെ അന്തസ്സ് തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ റിപോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it