സരിതയുടെ കത്തും ഉള്ളടക്കവുംപ്രസിദ്ധീകരിക്കുന്നത് വിലക്കി

സ്വന്തം  പ്രതിനിധി

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ് നായരുടെ കത്തും അതിന്റെ ഉള്ളടക്കവും പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി വിലക്കി. സര്‍ക്കാരും അതിന്റെ ഏജന്‍സികളും രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാതരം മാധ്യമങ്ങളും ഇവ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി രണ്ടു മാസത്തേക്ക് വിലക്കിയിരിക്കുന്നത്. റിപോര്‍ട്ടിലെ ഈ ഭാഗം തനിക്കു മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. സരിതയുടെ കത്തിനെയും അതിന്റെ ഉള്ളടക്കത്തെയും സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍, വിചാരണ നേരിടേണ്ടിവരുകയാണെങ്കില്‍ ഹരജിക്കാരന്‍ അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ഈ കത്തിന്റെ തെളിവുമൂല്യം ഇതുവരെ കോടതി നടപടികളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. അനാവശ്യ പ്രചാരണം പൊതു അഭിപ്രായം രൂപപ്പെടുത്താന്‍ ഇടയാക്കുകയും നീതി നടപ്പാക്കുന്നതിനെ ബാധിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. പ്രതികൂലമായ പ്രചാരണം ഹരജിക്കാരന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചേക്കുമെന്നാണ് കോടതി കരുതുന്നത്. ഇത് അദ്ദേഹത്തിന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഇടക്കാല ആശ്വാസമായി ഇക്കാര്യം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായ സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സരിതയുടെ കത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാത്രമാണ് പ്രധാനമായും ഊന്നിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്, വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കുന്ന കാര്യം പരിഗണിക്കുകയായിരുന്നെങ്കില്‍ അനുചിതമായിരുന്നുവെന്ന് വാദംകേള്‍ക്കലിനിടെ കോടതി വാക്കാല്‍ നിരീക്ഷിക്കുകയും ചെയ്തു. സരിതയുടെ കത്ത് സംബന്ധിച്ച വിവരങ്ങളും ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങളുമാണ് ഈ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നത്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് നിയമപരമല്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ഇന്നലെ കേസ് പരിഗണിച്ചയുടന്‍ കപില്‍ സിബല്‍ വാദിച്ചു. റിപോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാന്‍ തയ്യാറല്ലെന്നും കത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കമ്മീഷന്‍ റിപോര്‍ട്ട് വന്നയുടന്‍ സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് അസ്വസ്ഥത ഉളവാക്കുന്നതാണ്. അത് അനുചിതമായിരുന്നു. സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഹരജിക്കാരുടെ എല്ലാ വാദങ്ങളെയും എതിര്‍ത്തു.  കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it