Flash News

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖര്‍ക്കെതിരെ ബലാല്‍സംഗക്കേസ്

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖര്‍ക്കെതിരെ ബലാല്‍സംഗക്കേസ്
X




തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ പേരില്‍ ബലാത്സംഗത്തിനു കേസെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. സരിതയെ ലൈംഗികമായി ഉപയോഗിച്ചതിനെ അഴിമതിയായി കണക്കാക്കിയും കേസെടുക്കും.
2013 ജൂലൈ 19ന് പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കെയാണ് സരിത തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി കത്തെഴുതിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എംപിമാരായ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്്മണ്യം, എഡിജിപി കെ പത്മകുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് കത്തിലുണ്ടായിരുന്നത്. ഇവരില്‍ പലര്‍ക്കുമെതിരെ ബലാത്സംഗത്തിനും മറ്റും കേസ് ചുമത്തും.

സരിത ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണില്‍ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍, സരിത എസ്. നായര്‍ക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും, സ്ത്രീത്വത്തെ അപമാനിച്ചതിനും, ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്നാണ് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാന്‍ തീരുമാനിച്ചത്. കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത എസ്. നായരില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7-ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാല്‍ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.  അതിനാല്‍, സരിത എസ്. നായരുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കൂടി കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണെന്നും സര്‍ക്കാറിന് നിയമോപദേശം ലഭിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതോടെ കൂടുതല്‍ പരാതികളോ പഴയ കേസുകളില്‍ പുതിയ തെളിവുകളോ രേഖകളോ ലഭിച്ചാല്‍ അതു സംബന്ധിച്ചും അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it