സരിതയുടെ ആരോപണങ്ങള്‍ തെറ്റെന്ന് ഹരികൃഷ്ണന്റെ മൊഴി

കൊച്ചി: സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി തെറ്റെന്ന് മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. സോളാര്‍ കേസിലെ പ്രതികളില്‍നിന്ന് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയത് എട്ടു മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും മാത്രമെന്നും മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സരിതയുടെ ആറു മൊബൈ ല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും ബിജുവിന്റെ രണ്ടു മൊബൈല്‍ ഫോണുകളുമാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. അതേസമയം സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴി പ്രകാരം പെരുമ്പാവൂര്‍ പോലിസ് ആറു സിഡി, 3 പെന്‍ഡ്രൈവ്, ഒരു ലാപ്‌ടോപ്പ്, നാലു മൊബൈല്‍ ഫോണ്‍, 54000 രൂപ, ഒരു ബാഗ് എന്നിവ അവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തുവെന്നും ഇതു സംബന്ധിച്ച് മഹസര്‍ തയ്യാറാക്കുന്നത് അറിഞ്ഞില്ലെന്നുമുള്ള സരിതയുടെ മൊഴിയെക്കുറിച്ച് കമ്മീഷന്‍ ചോദിച്ചപ്പോള്‍ രണ്ടു ഫോണുകള്‍ മാത്രമാണ് അറസ്റ്റ് സമയത്ത് സരിതയുടെ പക്കല്‍നിന്നു പിടിച്ചെടുത്തതെന്ന മൊഴിയില്‍ ഹരികൃഷ്ണന്‍ ഉറച്ചുനിന്നു. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡിലുള്ള വ്യാജ കത്ത് തയ്യാറാക്കാന്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചിരുന്നത് എറണാകുളം തമ്മനം സ്വദേശിയായ ഫ്രെനി എന്നറിയപ്പെടുന്ന പി എം പോള്‍ എന്ന ഗ്രാഫിക് ഡിസൈനറായിരുന്നുവെന്ന് ഹരികൃഷ്ണന്‍ മൊഴി നല്‍കി.
പ്രതികള്‍ പരാതിക്കാരനായ മുടിക്കല്‍ സജാദിനെയും ഭാര്യയെയും കാണിച്ച മുഖ്യമന്ത്രിയുടെ പേരിലുള്ള കത്ത് വ്യാജമാണെന്ന് എങ്ങനെയാണ് താങ്കള്‍ക്ക് മനസ്സിലായതെന്ന കമ്മീഷന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹരികൃഷ്ണന്‍. പോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വച്ചാണ് ബിജു രാധാകൃഷ്ണന്‍ മുടിക്കല്‍ സജാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ കത്തുകള്‍ തയ്യാറാക്കിയിരുന്നതെന്ന് പോള്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിരുന്നതായും ഹരികൃഷ്ണന്‍ മൊഴി നല്‍കി.
തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചുവെന്നും ബലാല്‍സംഗം ചെയ്തുവെന്നും മജിസ്‌ട്രേറ്റ് എന്‍ വി രാജുവിന് സരിത നല്‍കിയ രഹസ്യമൊഴിയെക്കുറിച്ച് അദ്ദേഹത്തിന്റെ ചേംബറില്‍ പബ്ലിക് പ്രോസിക്യൂട്ടറോടൊപ്പം പോയി കണ്ടപ്പോള്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it