kannur local

സരിതയും ബാര്‍കോഴയും താരമായി; കാര്‍ട്ടൂണില്‍ റസ നൗറിന് രണ്ടാമൂഴം

കണ്ണൂര്‍: അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന യുഡിഎഫ് സര്‍ക്കാരിനെ അടിമുടി പരിഹസിച്ച പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റസ നൗറിന്റെ കാര്‍ട്ടൂണില്‍ ഇത്തവണയും ഒന്നാം സ്ഥാനം. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ പ്രതി സരിത നായരും, ബാര്‍ കോഴക്കേസില്‍ മാണിയുടെ രാജിയും കെ ബാബുവിനെതിരേയുള്ള ആരോപണവും റസ മനോഹരമായി വരകളിലൂടെ ആവിഷ്‌കരിച്ചു. '
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല സംഭവം കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനയില്‍' എന്നതാണ് ഹൈസ്‌കൂള്‍ വിഭാഗത്തിനു നല്‍കിയ വിഷയം. രണ്ട് ഭാഗങ്ങളിലായാണ് റസ കാര്‍ട്ടൂണ്‍ ചിത്രീകരിച്ചത്. വലിയൊരു ഭരണിയില്‍ സരിതയേയും ബാര്‍കോഴയുമായി അഞ്ചാംഭരണത്തിലേക്ക് നടന്നു നീങ്ങുന്ന ഉമ്മന്‍ചാണ്ടി.
ഈ ഭരണി(ഭരണത്തിനു നേരെ)ക്കുനേരെ പിണറായി വിജയനും വിഎസും കല്ലെറിയുന്നതാണ് ഒന്നാം ഭാഗത്ത്. കല്ലേറ് കൊണ്ട് ഭരണിയുടെ ഒരുഭാഗം തകരുന്നതും ഇതിനിടെ മാണി പുറത്താവുന്നതും സരിതയുടെ സാരിത്തുമ്പില്‍ ഇളകിയാടുന്ന ഭരണത്തെയും രണ്ടാം ഭാഗത്ത് വരച്ചിടുന്നു. ബാര്‍കോഴക്കേസില്‍ ആശ്വാസമായി വന്ന കോടതിവിധിയുടെ പഞ്ചാത്തലത്തില്‍ ബാബു നല്‍കുന്ന പലകയില്‍ സാഹസീകമായി ഭരണത്തെ താങ്ങിനിര്‍ത്തുന്ന ഉമ്മന്‍ചാണ്ടിയേയും കാര്‍ട്ടൂണില്‍ കാണാം. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ കയറുമെന്ന പ്രതീക്ഷയില്‍ വിഎസും പിണറായിയും മരത്തില്‍ കയറുന്നതായും രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് റസ ജില്ലാതലത്തില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം നേടുന്നത്. അധ്യാപക ദമ്പതികളായ പി പി മുസ്തഫയുടെയും ബി കെ ഷാഹിദയുടെയും മകളായ റസ പെന്‍സില്‍ ഡ്രോയിങിലും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it