സരസ് മേള 29 മുതല്‍ ഏപ്രില്‍ 7 വരെ; സംഘാടക സമിതി രൂപീകരിച്ചു

പട്ടാമ്പി: ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക മേള-സരസ് മേള- 29 മുതല്‍ ഏപ്രില്‍ 7വരെ പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് പരിസരത്ത് നടക്കും. പട്ടാമ്പി ഗവര്‍മെന്റ് യുപി സ്‌കൂളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ കെ പി വാപ്പുട്ടി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ കലക്ടര്‍ കെ സുരേഷ് ബാബു മുഖ്യാഥിതിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സൈതലവി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, മുതുതല പഞ്ചായത്ത് പ്രസിഡന്റ് സി എം നീലകണ്ഠന്‍ സംസാരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദാലി മാസ്റ്റര്‍, എഡിഎം സി എം ദിനേശ് പങ്കെടുത്തു.
മുഹമ്മദ് മുഹസിന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ കെ സുരേഷ് ബാബു ജനറല്‍ കോ-ഓഡിനേറ്ററും, പി സൈതലവി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘവും 11 സബ് കമ്മിറ്റികളും രൂപീകരിച്ചു.
മുഴുവന്‍ സംസ്ഥാനങ്ങളിലേയും ഗ്രാമീണ മേഖലയിലെ കരകൗശല വിദഗ്ദര്‍, കലാകാരന്മാര്‍, തുകല്‍ ഉത്പന്ന  നിര്‍മാതാക്കള്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് മേളയുടെ ലക്ഷ്യം. 29 സംസ്ഥാനങ്ങളില്‍ നിന്നും 240ഓളം സ്റ്റാളുകള്‍, കലാ സാസ്‌കാരിക സന്ധ്യകള്‍, പ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേളകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് സരസ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള 300 ഓളം സംരംഭകര്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍  പങ്കെടുക്കും.
Next Story

RELATED STORIES

Share it