palakkad local

സരസ് മേളയി ഒരു കോടി രൂപയുടെ വിറ്റു വരവ് ലഭിച്ചു

പട്ടാമ്പി: സരസ് മേളയില്‍ അഞ്ച് ദിവസങ്ങളിലായി നടന്ന വിപണനത്തിന്റെ ഭാഗമായി ഒരു കോടിയിലധികം രൂപയുടെ വിറ്റു വരവ് ഉണ്ടായതായി സംഘാടകര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉല്‍പന്നങ്ങള്‍ക്കും കളിക്കോപ്പുകള്‍ക്കും തുണിത്തരങ്ങളുമാണ് മേളയില്‍ ഏറെ വിറ്റുപോവുന്നത്.
മേളയില്‍ മലബാര്‍ ഭക്ഷണങ്ങള്‍, ആലപ്പുഴ മീന്‍കറി, കക്ക, ലക്ഷദ്വീപ് രുചി വൈവിധ്യങ്ങള്‍, വിവിധതരം പായസങ്ങള്‍, ആവിയില്‍ വേവിക്കുന്ന ചെമ്മീന്‍ അട, ചിക്കന്‍ അട, കായ്‌പോള, രാമശ്ശേരി ഇഡലി, വിവിധതരം ജ്യൂസുകള്‍, അട്ടപ്പാടി വനസുന്ദരി, തലശ്ശേരി ദം ബിരിയാണി, കിളിക്കൂട്, ചട്ടിപത്തിരി, പുതിയാപ്ലക്കോഴി, കരിങ്കോഴി, വിവിധതരം കപ്പ വിഭവങ്ങള്‍, പുട്ടുകള്‍ എന്നിവയ്ക്കും ആളേറെയുണ്ട്.
രാജസ്ഥാന്‍, ഛത്തീസ്ഗഢ് പച്ചക്കറി ഭക്ഷണങ്ങളും ആന്ധ്യയുടെ പോത്രേക്കുലു, ബീഹാറുകാരുടെ ലിട്ടി ചോക്ക, ജാര്‍ഖണ്ഡിന്റെ കാന്‍സര്‍ പ്രതിരോധ സൂപ്പായ സെര്‍ളി സൂപ്പ്, വിവിധതരം മധുര പലഹാരങ്ങള്‍, പാനിപൂരി, വിവിധതരം ചപ്പാത്തികള്‍ എന്നിവയും സരസ് മേളയുടെ കുടുംബശ്രീ കഫെയിലുണ്ട്.
സാംസ്‌കാരിക സന്ധ്യയുടെ ഭാഗമായുള്ള കലാവതരണങ്ങള്‍ ആസ്വദിക്കാന്‍ ഏറെ വൈകിയും നിറഞ്ഞ സദസ്സ് ഉണ്ടാകാറുണ്ട്. തിങ്കളാഴ്ച്ച നടന്ന പണിമുടക്ക് സരസ് മേളയെ ബാധിച്ചതേയില്ല. പട്ടാമ്പി നഗരസഭയെ മാത്രമാണ് പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നുള്ളുവെങ്കിലും മറ്റു ജില്ലകളില്‍ നിന്നു പോലും ആളുകള്‍ സാരസ് മേളയ്ക്ക് എത്തിയിരുന്നു. സരസ് മേള അനുഭവങ്ങള്‍ എഴുതുന്നതിന് ‘ഞാന്‍ കണ്ട സരസ്’ എന്ന പേരില്‍ സൗകര്യമൊരുക്കിയപ്പോള്‍ അതിനെ വലിയ ആവേശത്തോടെയാണ് ആളുകള്‍ ഏറ്റെടുത്തത്. മികച്ച അനുഭവക്കുറിപ്പിന് സമ്മാനം നല്‍കുന്നതാണ്.
ഇന്നലെ വൈകീട്ട് നടന്ന സാംസ്‌ക്കാരിക ചടങ്ങില്‍ കര്‍ണാട്ടിക് സംഗീതജ്ഞ സുകുമാരി നരേന്ദ്രനെ ആദരിച്ചു. സുനിത ഗണേഷിന്റെ പ്രഭാഷണവും നടന്നു. ഷാഫിയും സംഘവും അവതരിപ്പിച്ച മാപ്പിളപ്പാട്ട്, ഉണ്ണി ചാലക്കുടിയുടെ ഗാനാലാപനം എന്നിവയ്ക്ക് പുറമെ ആറങ്ങോട്ടുകര പാഠശാല  അവതരിപ്പിച്ച മുളവാദ്യം സദസ്സിനെ ആവേശത്തിലാക്കി. കലാമണ്ഡലം രേഷ്മ രാജഗോപാല്‍ അവതരിപ്പിച്ച നൃത്തത്തിന് ശേഷം നിഖില്‍ അവതരിപ്പിച്ച ജുഗല്‍ ബന്ദിയും അരങ്ങേറി.
Next Story

RELATED STORIES

Share it