Middlepiece

സരസു ടീച്ചറുടെ അനുഭവങ്ങള്‍ പറയുന്നത്

വിളയോടി ശിവന്‍കുട്ടി

തിരുവല്ല വെണ്ണിക്കുളം നാരായണന്റെയും കുട്ടിയമ്മയുടെയും ആറ് പെണ്‍മക്കളില്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു സരസു. ആരുടെ മുമ്പിലും കൂസാത്ത പ്രകൃതം. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നിന്നു പിജിയും കൊച്ചി കുസാറ്റില്‍ നിന്ന് പിഎച്ച്ഡിയും നേടിയ സമര്‍ഥയായ സരസുവിന്റെ അതിയായ മോഹമായിരുന്നു ഒരു മിടുക്കിയായ അധ്യാപികയാവുക എന്നത്. 1987ല്‍ പാലക്കാട് വിക്ടോറിയ കോളജില്‍ സുവോളജി അധ്യാപികയായി നിയമനം ലഭിച്ചു. സരസുവിന് അധ്യാപനം ഒരു ജീവിതകലയായിരുന്നു. എന്നാല്‍, തനിക്ക് ലഭിച്ച ശവക്കല്ലറയും റീത്തും നെഞ്ചോടുചേര്‍ത്ത് കോളജിന്റെ പടിയിറങ്ങുമ്പോള്‍, തന്നെപ്പോലുള്ളവരെ വേട്ടയാടുന്ന സമൂര്‍ത്ത യാഥാര്‍ഥ്യങ്ങളോട് പൊരുതാന്‍ ഉറച്ചാണ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. ടി എന്‍ സരസു പുറത്തുപോയത്. മാറേണ്ടത് വ്യവസ്ഥിതിയോ അതോ മാറ്റേണ്ടത് മനുഷ്യരുടെ മനസ്ഥിതിയോ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ രജിസ്ട്രാര്‍ ഐജിയായിരുന്ന രാമകൃഷ്ണന്‍ (ഐഎഎസ്) റിട്ടയര്‍ ചെയ്ത ദിവസം തന്നെ ഓഫിസും സര്‍വീസ് വാഹനവും ചാണകവെള്ളം തളിച്ച് ശുദ്ധികലശം ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ എരമംഗലം ചിത്രലേഖ ഒരു തിയ്യ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ സിപിഎമ്മും സിഐടിയുവും ചേര്‍ന്ന് പുലച്ചിവേട്ട നടത്തിയതിന് കേരളം സാക്ഷിയാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളജ് വനിതാ പ്രിന്‍സിപ്പലിന് ശവക്കല്ലറയും റീത്തും നല്‍കിയതും അവര്‍ തന്നെ.
ഇതൊരു ദലിത് പ്രശ്‌നമായോ സ്ത്രീപ്രശ്‌നമായോ കാണാന്‍ ഡോ. സരസു ആഗ്രഹിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആത്മാഭിമാനപ്രശ്‌നവും ജനാധിപത്യ, മനുഷ്യാവകാശ നിഷേധവുമാണ് താന്‍ നേരിട്ട അപമാനമെന്നും തനിക്ക് നീതികിട്ടാന്‍ എന്‍സിഎച്ച്ആര്‍ഒ ഇടപെടണമെന്നും അവര്‍ വ്യക്തമാക്കി. കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ ചെറുന്യൂനപക്ഷമാണ് ഇവരുടെ ബുദ്ധികേന്ദ്രമായി വര്‍ത്തിക്കുന്നത്. കാംപസുകള്‍ നിയന്ത്രിക്കപ്പെടേണ്ടതല്ല, അടിസ്ഥാന നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല. അക്കാദമിക് സ്വഭാവം നഷ്ടപ്പെട്ടാലും അരക്ഷിതാവസ്ഥ ഉണ്ടായാലും അതു നല്ലതാണെന്നും അതാണ് സ്വാതന്ത്ര്യമെന്നും ഈ മൂഢന്മാര്‍ വിശ്വസിക്കുന്നു.
വിക്ടോറിയ കോളജിന്റെ അന്തസ്സാര്‍ന്ന പാരമ്പര്യം കാലിടറിയതിന്റെ പ്രതീകമാണ് കോളജ് പ്രിന്‍സിപ്പലിന് ഒരുക്കിയ കുഴിമാടം. ഇടതുപക്ഷ പാര്‍ട്ടിയായ സിപിഎമ്മിന്റെ തകര്‍ച്ചയെ കാംപസില്‍ പടികടത്തിക്കൊണ്ടുവന്നതാണ് ഈ വിവാദങ്ങളുടെ മൂലകാരണം. 15-20 ശതമാനം മാത്രം ആണ്‍കുട്ടികളുള്ള വിക്ടോറിയ കോളജില്‍ ആള്‍ക്കൂട്ട മനശ്ശാസ്ത്രം പ്രിന്‍സിപ്പലിനെതിരേ ഉണ്ടാക്കിയെടുക്കുമ്പോഴും പുറത്തുള്ള പാര്‍ട്ടിക്കാരും അധ്യാപകസംഘടനകളും ബഹുഭൂരിപക്ഷം കുട്ടികളും ഇതംഗീകരിക്കുന്നില്ല. അവര്‍ വനിതാ പ്രിന്‍സിപ്പലിന്റെ നീതിബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യപ്പെടുകയുണ്ടായി.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജാതിബോധമുണ്ട് എന്നതാണു യാഥാര്‍ഥ്യം. എന്നാലും തെറ്റ് തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റം യൂനിയനില്‍പ്പെട്ടവരാണെങ്കിലും ചിലര്‍ക്കെങ്കിലും ഉണ്ട്. അതുകൊണ്ടാണ് സരസു ടീച്ചര്‍ക്കുനേരെ ഉണ്ടായ അപമാനത്തെ ചെറുത്തുകൊണ്ട് ഒരുപറ്റം അധ്യാപകര്‍ കോളജില്‍ പ്രതിഷേധം തീര്‍ത്ത് രംഗത്തുവരുകയുണ്ടായത്. 1887ല്‍ ബ്രിട്ടിഷുകാര്‍ തുടങ്ങിയ പ്രസ്തുത കോളജ് മദ്രാസ് പ്രവിശ്യയിലെ രണ്ടാമത്തെ കോളജാണ്. മലബാറിലെ വിക്ടോറിയ കോളജ് ഇന്നു പ്രതാപസ്മരണയില്‍ തലതാഴ്ത്തിനില്‍ക്കുന്നു.
സിവില്‍ സര്‍വീസിലും രാഷ്ട്രീയത്തിലും ശാസ്ത്ര-സാങ്കേതിക രംഗത്തും കലാ-സാംസ്‌കാരിക മേഖലയിലും സാഹിത്യത്തിലും അനശ്വരരായിത്തീര്‍ന്ന ഇഎംഎസ്, ടി എന്‍ ശേഷന്‍, ടി എന്‍ കേശവന്‍ തുടങ്ങി എം ടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, ഒളപ്പമണ്ണ, എം ഡി രാമനാഥന്‍, ബേബി ജോണ്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര പഠിച്ച കോളജാണ്.
ഗുപ്തന്‍നായര്‍, ഒ എന്‍ വി കുറുപ്പ്, എം ലീലാവതി, ഇന്ദുചൂഡന്‍, നരേന്ദ്രപ്രസാദ്, ബാലകൃഷ്ണവാര്യര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര പഠിപ്പിച്ച കോളജ്. ഇവിടെയാണ് 27 വര്‍ഷത്തെ അധ്യാപനജീവിതം കഴിഞ്ഞ് പടിയിറങ്ങിയ മാര്‍ച്ച് 31ന് പ്രിന്‍സിപ്പല്‍ ടി എന്‍ സരസു ടീച്ചര്‍ക്ക് ഇടത് അധ്യാപകസംഘടനയായ എകെജിസിടിയും വിദ്യാര്‍ഥിസംഘടനയായ എസ്എഫ്‌ഐയും ചേര്‍ന്ന് പ്രതികാരമായി കോളജ് അങ്കണത്തില്‍ കുഴിമാടം തീര്‍ത്തത്. ആര്‍ക്കും വിധേയപ്പെടാത്ത പ്രിന്‍സിപ്പലിനെ തൊട്ടതെല്ലാം കുറ്റമാക്കി മാറ്റിയെടുത്തുകൊണ്ടാണ് ഒരു വനിതാ പ്രിന്‍സിപ്പലിനെ നിരന്തരം വേട്ടയാടിയിരുന്നത്. ഇവിടെ ഒരു വ്യക്തിയോട് ഒരു പ്രസ്ഥാനം ഏറ്റുമുട്ടുകയായിരുന്നു. പണിയെടുക്കാത്ത അധ്യാപകരോടും പഠിക്കാതെ ഉഴപ്പിനടക്കുന്ന ചില കുട്ടികളോടും സരസു ടീച്ചര്‍ വിട്ടുവീഴ്ച കാട്ടിയില്ല. അതോടെ അവര്‍ അധ്യാപകസംഘടനയുടെയും വിദ്യാര്‍ഥിയൂനിയന്റെയും കണ്ണിലെ കരടായി മാറി എന്നതാണു വസ്തുത.
ഇതു മുതലെടുത്തുകൊണ്ട് ഇതേ കോളജിലെ ഒരു അധ്യാപകന്‍ പ്രിന്‍സിപ്പലിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് വാസ്തവവിരുദ്ധമായി 'മറുനാടന്‍ മലയാളി'യില്‍ വാര്‍ത്ത പടച്ചതും ഏറെ വിമര്‍ശനത്തിനിടയായി. ചില മുസ്‌ലിം കുട്ടികളെ നോമിനേറ്റ് ചെയ്ത് എസ്എഫ്‌ഐ പ്രിന്‍സിപ്പലിനു നേരെ തിരിച്ചുവിട്ടു. അതിലൂടെ പ്രിന്‍സിപ്പല്‍ മുസ്‌ലിംവിരുദ്ധയാണെന്ന് സ്ഥാപിക്കുകയായിരുന്നു ഉന്നം. എന്നാല്‍, പ്രിന്‍സിപ്പലിന്റെ ആത്മവിശ്വാസത്തിന് ഇതൊന്നും ബാധകമായില്ല. ഫാഷിസത്തെ പ്രതിരോധിക്കണമെങ്കില്‍ ചുരുക്കത്തില്‍ അതിനു തുനിയുന്നവര്‍ക്കെങ്കിലും ആ മനോഭാവം ഇല്ലാതിരിക്കണമെന്നാണ് അവരുടെ പക്ഷം.
പൊതുസമൂഹത്തില്‍ പുരോഗമന മുദ്രാവാക്യം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ മുദ്രാവാക്യം ഇല്ലാതാവുമ്പോള്‍ മിത്രത്തെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ആക്രമിക്കുകയാണ് സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും രീതി. ഒരു നല്ല അഡ്മിനിസ്‌ട്രേറ്ററായ പ്രിന്‍സിപ്പലിനെതിരേ ശത്രുക്കളോടെന്നപോലെ അധ്യാപകസംഘടനയും വിദ്യാര്‍ഥിസംഘടനയും കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. അതിന്റെ പലിശയും മുതലുമാണ് കുഴിമാടം തീര്‍ത്ത് വിരമിക്കല്‍.
Next Story

RELATED STORIES

Share it