Editorial

സമ്മേളനം കഴിഞ്ഞു; ഇനിയോ?

ഏതാണ്ട് മൂന്നു മാസത്തോളം കേരളത്തെ ഭരണസ്തംഭനത്തിന്റെ പിടിയിലമര്‍ത്തിയ സിപിഎം ജില്ലാ-സംസ്ഥാന സമ്മേളന പരമ്പരകള്‍ക്ക് അന്ത്യമായി. തൃശൂരിലെ വിജയകരമായ സംസ്ഥാന സമ്മേളനത്തിനു ശേഷം പ്രതിനിധികള്‍ നാട്ടിലെത്തി. പാര്‍ട്ടി നേതാക്കളും ഭരണനേതൃത്വവും തലസ്ഥാനത്ത് തിരിച്ചെത്തി. ഇനിയെങ്കിലും നാട്ടിലെ സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലേക്ക് വീണ്ടും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിനും സമയം ലഭിക്കുമെന്നു പ്രതീക്ഷിക്കുക.
സമീപകാല സമ്മേളനങ്ങളില്‍ ഒരിക്കലും സംഭവിക്കാത്ത രീതിയില്‍ മുഖ്യമന്ത്രി തന്നെ മാസങ്ങളോളം പാര്‍ട്ടി സമ്മേളനങ്ങളില്‍ പൂര്‍ണ സമയം ചെലവഴിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഇതിനു മുമ്പും പാര്‍ട്ടിക്ക് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്; അവരുടെ ഭരണകാലത്ത് സമ്മേളനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍, മന്ത്രിസഭായോഗം പോലും കൃത്യമായി നടത്തിക്കൊണ്ടുപോവാന്‍ കഴിയാത്തവിധം സമ്മേളനം ഭരണനിര്‍വഹണത്തിനു തടസ്സമായി നില്‍ക്കുന്ന അനുഭവം ഇത് ആദ്യത്തേതാണ്.
അതിനു പ്രധാന കാരണം പാര്‍ട്ടിയില്‍ നിലനിന്ന വിഭാഗീയതയും ഗ്രൂപ്പ് പോരുകളുമാണ്. ഇത്തവണ എതിര്‍നിലപാടുകാരെ പാര്‍ട്ടിഘടകങ്ങളില്‍നിന്ന് പൂര്‍ണമായും പിഴുതുമാറ്റണം എന്ന് ഉന്നത നേതൃത്വം തീരുമാനിച്ചിരുന്നു. അതിനാല്‍ ഏരിയാതലം മുതലുള്ള സമ്മേളനങ്ങളില്‍ നേതൃത്വം അതീവ ശ്രദ്ധചെലുത്തുകയുണ്ടായി. ഭരണത്തെ സംബന്ധിച്ചോ പാര്‍ട്ടിയുടെ ആഭ്യന്തര സ്ഥിതിഗതികളെ സംബന്ധിച്ചോ കടുത്ത വിമര്‍ശനസ്വരങ്ങള്‍ ഉയര്‍ന്നുവരുന്നത് ഒഴിവാക്കാനാണ് അത്തരം ജാഗ്രത പുലര്‍ത്തിയത്.
തീര്‍ച്ചയായും അതിന്റെ ഫലവുമുണ്ടായി. സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയെ സംബന്ധിച്ചോ പാര്‍ട്ടി എത്തിനില്‍ക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികളെ സംബന്ധിച്ചോ ആത്മവിമര്‍ശനപരമായ ഒരു പരിശോധനയോ വിലയിരുത്തലോ അല്ല സമ്മേളനങ്ങളില്‍ നടന്നത്. സംസ്ഥാന സമ്മേളനവേളയില്‍ മട്ടന്നൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ 41 വെട്ടു വെട്ടി അരുംകൊല ചെയ്ത സംഭവം മാത്രമാണ് പ്രതിനിധികളില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയത്. പാര്‍ട്ടിയില്‍ ഒരുവിഭാഗം പിന്തുടരുന്ന അക്രമാസക്തമായ രാഷ്ട്രീയപ്രവര്‍ത്തനരീതിയെ സംബന്ധിച്ച് ചില ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുകയുണ്ടായി.
എന്നാല്‍, അതിനപ്പുറം മറ്റു സുപ്രധാനമായ വിഷയങ്ങളില്‍ സംസ്ഥാനനേതൃത്വത്തിന്റെ സമീപനങ്ങളെ അതേപടി അംഗീകരിക്കുകയാണ് പ്രതിനിധികള്‍ ചെയ്തത്. സമ്മേളനത്തില്‍ ഏറ്റവും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയത് സഹോദര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐയുടെ നേതൃത്വവും സിപിഎമ്മിന്റെ തന്നെ ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുമാണെന്നത് രസകരമായ ഒരു വസ്തുതയാണ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടുകളെ സിപിഐ ചെറുക്കുന്നു എന്നതാണ് ആ പാര്‍ട്ടിയോടുള്ള കെറുവിനു യഥാര്‍ഥ കാരണമായിരിക്കുന്നത്. ഫാഷിസത്തിനു നേരെ മൃദുസമീപനം എടുക്കുന്നത് ആപല്‍ക്കരമായിരിക്കും എന്ന മുന്നറിയിപ്പ് യെച്ചൂരി നല്‍കിയതാണ് അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങളുടെ കാതല്‍. പക്ഷേ, ഈ നിലപാടുകള്‍ ആത്മവിമര്‍ശനപരമായ ഒരു സമീപനത്തെ സൂചിപ്പിക്കുന്നില്ല.
Next Story

RELATED STORIES

Share it