Flash News

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ജേക്കബ് സുമ രാജിവച്ചു

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ജേക്കബ് സുമ രാജിവച്ചു
X
പ്രിട്ടോറിയ: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. സുമയെ മാറ്റാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) നീക്കങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് രാജി. ടെലിവിഷനിലൂടെയാണ് രാജിതീരുമാനം സുമ അറിയിച്ചത്. താന്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരിക്കുമെന്നും രാജി സുമ പറഞ്ഞു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഉടന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു പാര്‍ട്ടി തീരുമാനത്തോട് അദ്ദേഹം ആദ്യം പ്രതികരിച്ചത്.



എന്നാല്‍ 48 മണിക്കൂറിനകം രാജിവയ്ക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ സുമയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്തിനാണ് താന്‍ രാജിവയ്ക്കുന്നതെന്നു വ്യക്തമാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എസ്എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിവയ്ക്കാന്‍ മൂന്നു മാസം അനുവദിക്കണമെന്ന സുമയുടെ ആവശ്യം നേരത്തേ പാര്‍ട്ടി തള്ളിയിരുന്നു. രാജിവയ്ക്കാന്‍ ബുധനാഴ്ച വരെയായിരുന്നു സുമയ്ക്ക് പാര്‍ട്ടി അനുവദിച്ച സമയം. അതിനിടെ, രാജി വച്ചിട്ടില്ലെങ്കില്‍ വ്യാഴാഴ്ച അദ്ദേഹത്തിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കുമെന്നും പാര്‍ട്ടി ചീഫ് വിപ്പ് ജാക്‌സണ്‍ എംതെംബു അറിയിച്ചിരുന്നു.
അതിനിടെ, സുമയ്ക്കു മേല്‍ രാജിസമ്മര്‍ദം ശക്തമാക്കി അദ്ദേഹത്തിന്റെ കൂട്ടാളികളായ ഗുപ്ത സഹോദരന്‍മാരുടെ ആഡംബര വീട്ടില്‍ പോലിസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ ഗുപ്ത കുടുംബത്തിലെ മൂന്നു സഹോദരന്‍മാര്‍ക്കും പങ്കുള്ളതായി ആരോപണമുണ്ട്. ആഫ്രിക്കന്‍ പോലിസിന്റെ ഹോക്‌സ് യൂനിറ്റ് നടത്തിയ റെയ്ഡിനിടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഗുപ്ത കുടുംബാംഗങ്ങളും ഉണ്ടെന്നു ദേശീയ ടെലിവിഷന്‍ എസ്എബിസി അറിയിച്ചു. സുമ രാജിപ്രഖ്യാപനത്തിനു തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു റെയ്ഡ്.

.
Next Story

RELATED STORIES

Share it