Idukki local

സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലത്തില്‍ രണ്ടരവര്‍ഷമായിട്ടും വീട്ടില്‍വൈദ്യുതി കിട്ടിയില്ല



പീരുമേട്: സമ്പൂര്‍ണ വൈദ്യുതീകരണ നിയോജക മണ്ഡലമായി പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോത്തുപ്പാറ വെളത്തുകുന്നേല്‍ രാജന്റെ വീട്ടില്‍ വെളിച്ചമില്ല.രണ്ടര വര്‍ഷമായി വൈദ്യുതി എന്ന ആവശ്യവുമായി ഓഫിസുകളില്‍ കയറി ഇറങ്ങിയിട്ടും രാജന്റെ വീട്ടില്‍ മാത്രം വൈദ്യുതി വെളിച്ചമെത്തിയില്ല. സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷന് വേണ്ടിയുള്ള അപേക്ഷയുമായി പീരുമേട്  എസ്.എം.എസ്  ക്ലബില്‍ ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജനും മകളും എത്തിയത്. തോട്ടം തൊഴിലാളികളായ രാജനും കുടുംബവും പോത്തുപാറ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്റെ സമീപത്താണ് താമസിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഇവരുടെ ജീവിതം. ഇവരുടെ വീടിനടുത്തുള്ള വൈദ്യൂതി പോസ്റ്റുമായി 20 മീറ്റര്‍ മാത്രമെ ദൂരമുള്ളു.അയല്‍വാസിയുടെ എതിര്‍പ്പുള്ളതിനാലാണ് ഇവര്‍ക്ക് പോസ്റ്റില്‍ നിന്നും വൈദ്യുതി കണക്ഷനെടുക്കാന്‍ കഴിയാത്തതെന്നാണ് രാജന്‍ പറയുന്നത്.പുതിയ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി എടുക്കണമെങ്കില്‍ പറമ്പിന് ചുറ്റും പോസ്റ്റ് സ്ഥാപിക്കേണ്ടതായി വരും ഇങ്ങനെ  വൈദ്യൂതിയെടുക്കുക എന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിര്‍ധന കുടുംബത്തിന് ഭാരിച്ച സാമ്പത്തിക ചെലവ് വരുത്തും.  വിദ്യാര്‍ഥിയായ ഇളയ മകളും രാജനും കൂടെയാണ് ജന സമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷയുമായി എത്തിയത്. പ്രായപൂര്‍ത്തിയായ പെണ്‍മക്കളോടൊപ്പം വെളിച്ചം സ്വപ്‌നം കാണാനായി രാജന്‍ ഓഫിസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും. നിരാശ മാത്രമാണ് ഫലമുണ്ടായത്. വര്‍ഷങ്ങളായി ഒരേ ആവശ്യം ചൂണ്ടിക്കാട്ടി  ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും  അധികൃതര്‍ ആരും തന്നെ സ്ഥലത്തെത്തുകയോ ഇവരുടെ അവസ്ഥ മനസിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലന്നതാണ് രാജന്റെ സങ്കടം.പരാതി പരിശോധിച്ചതിന് ശേഷം നടപടിയെടുക്കാം എന്ന സ്ഥിരം മറുപടിയാണ് ജനസമ്പര്‍ക്ക പരിപാടിയിലും അധികൃതരില്‍ നിന്നും ലഭിച്ചത്.പീരുമേട് നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണ മണ്ഡല പ്രഖ്യാപിച്ചപ്പോഴെങ്കിലും വീടിന് വെളിച്ചമേകാന്‍ അധികൃതര്‍ ശ്രമിക്കുമെന്ന പ്രതീക്ഷയായിരുന്നു രാജനും കുടുംബത്തിനും.
Next Story

RELATED STORIES

Share it