wayanad local

സമ്പൂര്‍ണ വൈദ്യുതീകരണം : നാലു വനഗ്രാമങ്ങള്‍ പദ്ധതിക്ക് പുറത്ത്



കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം മന്ത്രി എം എം മണി നടത്തിയപ്പോഴുംനിരാശയോടെ നാലു വനഗ്രാമങ്ങള്‍. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പെട്ട ചെട്ട്യാലത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, പുത്തൂര്‍ ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിക്ക് പുറത്തായത്. വനത്തിലൂടെ കേബിള്‍ വലിച്ച് കണക്ഷന്‍ നല്‍കുന്നതിനു വനം-വന്യജീവി വകുപ്പ് തടസ്സം നിന്നതാണ് ഈ ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തുന്നതിനു വിഘാതമായത്. കേന്ദ്രാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങള്‍ എന്ന ന്യായം പറഞ്ഞാണ് വനഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനു വനം-വന്യജീവി വകുപ്പ് എതിരുനിന്നത്. ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശം വന്നതോടെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി കട്ടപ്പുറത്തായിരിക്കുകയുമാണ്. ചെട്ട്യാലത്തൂരില്‍ 107ഉം മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി എന്നിവിടങ്ങളിലായി 66ഉം വീടുകള്‍ക്കാണ് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഇടം ലഭിക്കാതപോയത്. വൈത്തിരി താലൂക്കിലെ പെരിങ്കോട എസ്റ്റേറ്റിലെ 40ഉം ആനപ്പാറ കോളനിയിലെ 26ഉം വീടുകളും സാങ്കേതിക കാരണങ്ങളാല്‍ വൈദ്യുതീകരിച്ചിട്ടില്ല. ലൈന്‍ വലിക്കുന്നതിനു സ്വകാര്യ ഭൂവുടമകളുടെ അനുവാദം ലഭിക്കാത്തതുമൂലം വൈദ്യുതീകരണം നടക്കാത്ത ആറു വീടുകളും ജില്ലയിലുണ്ട്. വന്യജീവി സങ്കേതത്തിലേതടക്കം 244 വീടുകളാണ് ജില്ലയില്‍ വൈദ്യുതീകരിക്കാന്‍ ബാക്കി. വനത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന നൂല്‍പ്പഴ പങ്കളത്തെ എട്ടും തോല്‍പ്പെട്ടി നാഗമന കാജഗഡിയിലെ 27ഉം മേപ്പാടി പരപ്പന്‍പാറയിലെ എട്ടും ഉള്‍പ്പെടെ 43 വീടുകളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ വൈദ്യുതിയാണ് ലഭ്യമാക്കിയത്. ചെട്ട്യാലത്തുര്‍, മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി എന്നീ ജനവാസകേന്ദ്രങ്ങള്‍ വൈദ്യുതീകരിക്കുന്നതിനു വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു കെഎസ്ഇബി നല്‍കിയ അപേക്ഷ വൈല്‍ഡ് വയനാട്  ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പാലക്കാടുള്ള നോര്‍ത്തേണ്‍ റീജ്യന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വിട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. വയനാട് വന്യജീവി സങ്കേതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ആളുകള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ വനത്തിനു പുറേത്തേക്ക് മാറാവുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയാണ്. എന്നിരിക്കെ, കെഎസ്ഇബിയുടെ അപേക്ഷ വനം-വന്യജീവി വകുപ്പ് നിരാകരിച്ചത് ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചെട്ട്യാലത്തൂരിലെ 107 വീടുകളില്‍ 57ഉം തലമുറകളായി താമസിച്ചുവരുന്ന ആദിവാസികളുടേതാണ്. ചെട്ടി വിഭാഗത്തില്‍പ്പെട്ടവരാണ് വീട്ടുകാരില്‍ കുറേ. വൈദ്യുതിക്കായുള്ള ചെട്ട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളാണ് പഴക്കം. വനത്തിലൂടെ ഗ്രാമത്തിലേക്ക് ഓവര്‍ ഹെഡ്(ഒഎച്ച്) ലൈന്‍ വലിക്കുന്നത് എതിര്‍ത്ത വനം-വന്യജീവി വകുപ്പുതന്നെയാണ് ഭൂഗര്‍ഭ ലൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍, വൈദ്യുതി വകുപ്പ് ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി എത്തിയപ്പോഴും വനം-വന്യജീവി വകുപ്പ്  ഉടക്കിടുകയായിരുന്നു. നൂല്‍പ്പുഴ പമ്പ്ഹൗസ് പരിസരത്തുനിന്ന് വനാതിര്‍ത്തി വരെ രണ്ടര കിലോമീറ്റര്‍ 11 കെവി ഒഎച്ച് ലൈനും കാട്ടിലൂടെ 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ഒഎച്ച് ത്രീഫേസ് ലൈനും ഒരു ട്രാന്‍സ്‌ഫോര്‍മറുമാണ് ചെട്ട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിന് ആവശ്യം. ഇതിനായി 75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയത്. മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചില്‍ അടുത്തടുത്തായാണ് മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി പ്രദേശങ്ങള്‍. നൂല്‍പ്പുഴ നായ്ക്കട്ടി പിലാക്കാവില്‍നിന്നു 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും ഒരു ട്രാന്‍സ്‌ഫോര്‍മറും മൂന്ന് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ത്രീഫേസ് ലൈനുമാണ് വൈദ്യുതീകരണത്തിനു വേണ്ടത്. ഈ ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിനു 50 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയാണ് കെഎസ്ഇബി ആസൂത്രണം ചെയ്തത്.
Next Story

RELATED STORIES

Share it