Pathanamthitta local

സമ്പൂര്‍ണ തരിശ് രഹിത ജില്ലയായി പത്തനംതിട്ടയെ മാറ്റും : മന്ത്രി മാത്യു ടി തോമസ്



പത്തനംതിട്ട: സമ്പൂര്‍ണ തരിശ് രഹിത ജില്ലയായി പത്തനംതിട്ടയെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മാത്യു ടി തോമസ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍  മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പറ്റാവുന്ന എല്ലാ ഭൂമിയും കൃഷിക്ക് യോഗ്യമാക്കും. എല്ലാ പാടങ്ങളും പരിശോധിച്ച് കൃഷിക്ക് പ്രവൃത്തി ചെയ്യും. ആറന്‍മുളയില്‍ അടുത്ത കൃഷിക്ക് മുന്നോടിയായി ഇടവിള കൃഷി ഉണ്ടാവും. പയര്‍, ഉഴുന്ന് എന്നിവയാണ് കൃഷി ചെയ്യുക. അടുത്ത കൃഷി 250 ഹെക്ടറില്‍ ചെയ്യും. തരിശ്കിടന്ന ആറന്‍മുള പാടത്ത് വിജയമായ നെല്‍കൃഷി വരും വര്‍ഷങ്ങളിലും തുടരും.227.50 ലക്ഷം രൂപയുടെ പദ്ധതിയാണ് നിലവില്‍ നടന്നുവരുന്നത്. അടുത്ത വര്‍ഷത്തേക്കും കൂടി കൃഷിക്കുള്ള പണമുണ്ട്. ഈ മാതൃകയില്‍ ജില്ലയെ തരിശ്രഹിതമാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ആറന്‍മുളയില്‍ നികത്തിയ കരിമാരംതോട് പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് ജില്ലാ ഭരണകൂടം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. അത് പൂര്‍ണതയില്‍ എത്തുന്നു. ഇരവിപേരൂരും ആറന്‍മുളയിലും നെല്ല് വിപണിയില്‍ എത്തിച്ച ശ്രമം വരും വര്‍ഷത്തേക്ക് മാതൃകയാണ്. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, കലക്ടര്‍ ആര്‍ ഗിരിജ, എഡിഎം അനു എസ് നായര്‍, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി മണിലാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it