Flash News

സമ്പാദ്യപദ്ധതി തുക രണ്ട് മാസത്തിനകം നല്‍കണം : എസ്ബിഐയോട് മനുഷ്യാവകാശ കമ്മീഷന്‍



പത്തനംതിട്ട: തോട്ടം കമ്പനി തൊഴിലാളിയായിരിക്കെ മരിച്ചയാളിന് അവകാശപ്പെട്ട സമ്പാദ്യ പദ്ധതിയിലെ തുക രണ്ടുമാസത്തിനുള്ളില്‍ നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. കോഴഞ്ചേരി ചാരക്കുന്നേല്‍ ഏലിയാമ്മ തോമസിന്റെ പരാതിയിലാണു നടപടി. ഏലിയാമ്മ തോമസിന്റെ ഭര്‍ത്താവ് 1975ലെ പ്രതേ്യക സമ്പാദ്യ പദ്ധതിയില്‍ അംഗമായിരുന്നു. പദ്ധതി തുക അനന്തരാവകാശിയായ ഭാര്യക്ക് നല്‍കണമെന്ന് അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എസ്ബിടി പീരുമേട് ശാഖയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുക നല്‍കിയതായി ബാങ്ക് അറിയിക്കുകയും ചെയ്തു. 1976 മുതല്‍ ലഭിക്കേണ്ട പലിശ കമ്പനിയുടെ അക്കൗണ്ടിലേക്കു മാറ്റിയതായി ബാങ്ക് കമ്മീഷനെ അറിയിച്ചു. കമ്പനിയുടെ നിയമാനുസൃത പിന്തുടര്‍ച്ചക്കാര്‍ പീരുമേട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍ മേരി എസ്റ്റേറ്റാണ്. എന്നാല്‍ ഗ്ലെന്‍മേരി എസ്റ്റേറ്റ് തങ്ങളുടെ അക്കൗണ്ടിലേക്ക് ബാങ്ക് മാറ്റിയതായി പറഞ്ഞ പലിശ തുക വന്നിട്ടില്ലെന്ന് കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ എസ്ബിഐയില്‍ നിന്നു വിശദീകരണം ആവശ്യപ്പെട്ടു.   മുംബൈയില്‍ നിന്നു ചില രേഖകള്‍ ലഭിക്കാനുണ്ടെന്നും അവ ലഭിച്ചാലുടന്‍ തുക പരാതിക്കാരിയുടെ അക്കൗണ്ടിലേക്കു മാറ്റാമെന്നും എസ്ബിഐ കോട്ടയം എജിഎം കമ്മീഷനെ അറിയിച്ചു. എസ്ബിഐ പരാതിക്കാരിക്ക് അവകാശപ്പെട്ട തുക നല്‍കാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  40 വര്‍ഷം മുമ്പുള്ള രേഖകളുടെ പേരില്‍ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കു കാലതാമസമുണ്ടാവരുതെന്ന് കമ്മീഷന്‍ ബാങ്കിന് നിര്‍ദേശം നല്‍കി. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് പരാതിക്കാരിക്ക് അവകാശപ്പെട്ട തുക നല്‍കാന്‍ എസ്ബിഐക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it