സമ്പന്നരുടെ വായ്പാ കുടിശ്ശിക: റിസര്‍വ് ബാങ്കിന് സുപ്രിംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: വിവിധ പൊതുമേഖലാ ബാങ്കുകളില്‍ കോടിക്കണക്കിനു രൂപ കുടിശ്ശിക വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടികളില്ലാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ചിലര്‍ സ്വന്തം സാമ്രാജ്യം നടത്തിക്കൊണ്ടുപോവാന്‍ ആയിരക്കണക്കിനു കോടി രൂപ കടമെടുക്കുകയും മറ്റുചിലര്‍ ചെറു കടങ്ങള്‍ വീട്ടാനാവാത്തതിന്റെ പേരില്‍ ജീവനൊടുക്കുകയും ചെയ്യുമ്പോഴാണ് ഈ സ്ഥിതിവിശേഷമെന്നു വിഷയം പരിഗണിച്ച സുപ്രിംകോടതി ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നിരീക്ഷിച്ചു.
വായ്പാ കുടിശ്ശികയുള്ളവര്‍ എങ്ങനെയാണു രക്ഷപ്പെടുന്നതെന്നു ചോദിച്ച കോടതി, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു ഓര്‍മിപ്പിച്ചു. 500 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് റിസര്‍വ് ബാങ്കിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണങ്ങള്‍ സുപ്രിംകോടതി നടത്തിയത്.
ബാങ്കുകളില്‍ നിന്ന് 500 കോടിയോ അതില്‍ കൂടുതലോ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവരുടെ പട്ടിക റിസര്‍വ് ബാങ്ക് നേരത്തെ കോടതിക്കു സമര്‍പ്പിച്ചിരുന്നു. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ബാങ്കിന്റെ ആവശ്യം അംഗീകരിച്ച കോടതി, തുകയുടെ വിവരങ്ങളെങ്കിലും വെളിപ്പെടുത്തുന്നതില്‍ എന്താണു തടസ്സമെന്ന് ആരാഞ്ഞു. പരസ്പര വിശ്വാസത്തിന്റെ പേരില്‍ ശേഖരിച്ച വിവരങ്ങളാണിതെന്നും ഇവ പരസ്യപ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് അഭിഭാഷകന്‍ പ്രതികരിച്ചു. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് അനുകൂലമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതില്ലെന്നു ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച പ്രതികരണമറിയിക്കാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസയച്ചു.
Next Story

RELATED STORIES

Share it